നീറ്റിനോടുള്ള എതിര്‍പ്പ് നീതി ആയോഗ് യോഗത്തിലും ആവര്‍ത്തിച്ച് വിജയ്; ത്രിഭാഷാ നയത്തിലും എതിര്‍പ്പ് ഉന്നയിച്ചു

ദില്ലി: കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. തമിഴ്‌നാടിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേന്ദ്രവുമായി സഹകരിക്കുമെന്നും വികസിത ഇന്ത്യ സൃഷ്ടിക്കപ്പെടുന്നത് സഹകരണ ഫെഡറലിസത്തിലൂടെയാണെന്നും യോഗത്തില്‍ വിജയ് പറഞ്ഞു. നീറ്റ് പരീക്ഷയോടുള്ള എതിര്‍പ്പ് നീതി ആയോഗ് യോഗത്തിലും വിജയ് പരസ്യമാക്കി. സംസ്ഥാനത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന സംവിധാനം വേണമെന്നും വിജയ് ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതിയുടെ ഫണ്ട് യാതൊരു നിയന്ത്രണവുമില്ലാതെ നല്‍കണമെന്നാവശ്യപ്പെട്ട വിജയ് ത്രിഭാഷാ നയത്തിനോടുള്ള എതിര്‍പ്പും പരാമര്‍ശിച്ചു.അതേ സമയം, നീതി ആയോഗ് യോഗത്തിനായി മുഖ്യമന്ത്രി വിജയ് ദില്ലിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ പോയത് സ്വന്തം ചെലവില്‍ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ചീഫ് സെക്രട്ടറി അടക്കം ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇല്ലാതെ സ്വന്തം ബോഡിഗാര്‍ഡും സുഹൃത്തുക്കളുമായി വിമാനത്തില്‍ പോയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *