മലപ്പുറത്ത് 4 പേര്‍ക്ക് കൂടി ഷിഗെല്ല; രോഗബാധിതരുടെ എണ്ണം ഏഴായി; കോഴിക്കോട്ട് രോഗികളുടെ നില തൃപ്തികരം

മലപ്പുറം: ജില്ലയില്‍ ഷിഗെല്ല ബാധ വീണ്ടും. ഏലംകുളം കോരക്കുത്ത് നടന്ന വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നാല് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏലംകുളം പഞ്ചായത്തിലെ രണ്ട് കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കുമാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ആകെ ഷിഗെല്ല ബാധിതരുടെ എണ്ണം ഏഴായി ഉയര്‍ന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത 114 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. കോഴിക്കോട്ട് ഷിഗെല്ല ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വിദ്യാര്‍ഥികളുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവരെ ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കും. അടച്ചിട്ടിരുന്ന സ്‌കൂള്‍ നാളെ പ്രവര്‍ത്തനം പുനരാരംഭിക്കും.

വീടുകളില്‍ നിന്ന് തന്നെ കുടിവെള്ളവും ഭക്ഷണവും കൊണ്ടുവരാന്‍ വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പിന്റെ 16 സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *