മുംബൈ: രൺബീർ കപൂറും യാഷും പ്രധാന കഥാപാത്രങ്ങളെയവതരിപ്പിക്കുന്ന 'രാമായണം: പാർട്ട് 1' ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടി മുന്നേറുന്നതിനിടയിൽ നിയമപരമായ മുന്നറിയിപ്പുമായി നിർമാതാക്കൾ. തിയേറ്ററുകൾക്കുള്ളിൽ വെച്ച് ചിത്രം റെക്കോർഡ് ചെയ്യുന്നവർക്കും അത് ഓൺലൈനിൽ പങ്കുവെക്കുന്നവർക്കുമെതിരെയാണ് രാമായണം ടീം നിയമപരമായ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
രാമായണത്തിന്റെ ദൃശ്യങ്ങൾ അനധികൃതമായി പകർത്തുന്നതിനെതിരെ നിർമ്മാതാക്കൾ കർശന മുന്നറിയിപ്പ് നൽകി. മുൻകൂട്ടി അറിയിപ്പില്ലാതെ തന്നെ കുറ്റക്കാർക്കെതിരെ 'ക്രിമിനൽ, സിവിൽ, കോടതി അലക്ഷ്യ' നടപടികൾ സ്വീകരിക്കുമെന്ന് ഇവർ പുറത്തുവിട്ട നോട്ടീസിൽ വ്യക്തമാക്കുന്നു. രാമായണത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നിർമ്മാതാക്കൾ ഈ നിയമപരമായ മുന്നറിയിപ്പ് സന്ദേശം പങ്കുവെച്ചത്. തീയേറ്ററുകൾക്കുള്ളിൽ നിന്ന് രാമായണത്തിന്റെ 'അനധികൃത' ദൃശ്യങ്ങൾ പകർത്തി പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മെസ്സേജിംഗ് ആപ്പുകളിലും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് നോട്ടീസിൽ പറയുന്നു.
"വാണിജ്യ ഐ.പി കേസിൽ ബോംബെ ഹൈക്കോടതി 2026 നവംബർ 2, നവംബർ 6 തീയതികളിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, അനുമതിയില്ലാതെ സിനിമയോ അതിന്റെ ഏതെങ്കിലും ഭാഗമോ റെക്കോർഡ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും പങ്കുവെക്കുന്നതും തടഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് പകർപ്പവകാശ ലംഘനമാണ്. 1957-ലെ പകർപ്പവകാശ നിയമം, 1952-ലെ സിനിമാറ്റോഗ്രാഫ് നിയമം, 2023-ലെ ബി.എൻ.എസ്, 2000-ലെ ഐ.ടി നിയമം എന്നിവ പ്രകാരം തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റവും കോടതി അലക്ഷ്യവുമാണ് ഇത്," എന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാമായണത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ദൃശ്യങ്ങൾ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ടാണ് നോട്ടീസ് അവസാനിക്കുന്നത്. കുറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങൾ അധികാരികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും കൈമാറും. മുൻകൂട്ടി അറിയിപ്പില്ലാതെ തന്നെ ഇവർ ക്രിമിനൽ, സിവിൽ, കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
'രാമായണം: പാർട്ട് 1'-ൽ ശ്രീരാമനായി രൺബീറും സീതാദേവിയായി സായ് പല്ലവിയും രാവണനായി യാഷും വേഷമിടുന്നു. നമിത് മൽഹോത്രയും യാഷും ചേർന്നാണ് ഈ ഇതിഹാസ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രധാന താരങ്ങൾക്ക് പുറമെ രവി ദുബെ, ഇന്ദിര കൃഷ്ണ, അരുൺ ഗോവിൽ, വിവേക് ഒബ്റോയ്, സോണാൽ ഝാ, ലാറ ദത്ത, കുനാൽ കപൂർ, രാകുൽ പ്രീത് സിംഗ്, കാജൽ അഗർവാൾ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.