സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടച്ചുറപ്പില്ലാത്തതോ മേൽക്കൂര ശക്തമല്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ളവർ മുൻകരുതലായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും നിർദേശമുണ്ട്.

തീരമേഖലകളിൽ കടലാക്രമണ സാധ്യത
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും ഇന്ന് രാവിലെ 8.30 മുതൽ ഓഗസ്റ്റ് 28 വൈകിട്ട് 5.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇതുമൂലം കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് ഇന്ന് പുലർച്ചെ 2.30 മുതൽ ഓഗസ്റ്റ് 28 ഉച്ചയ്ക്ക് 2.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *