റിയാസുമായുള്ള വിവാഹശേഷം വീണ 20.5 കോടിയുടെ ഇടപാട് നടത്തി; ഇഡിയുടെ കത്തിൽ ഹവാല ഇടപാടിന്റെ വിവരങ്ങളും

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ( ഇഡി) കത്തിൽ ഹവാല ഇടപാടിന്റെ വിവരങ്ങളും. വീണ 20.5 കോടിയുടെ ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി നൽകിയ കത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം.

ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണ്. ബാങ്ക് രേഖകൾ സഹിതമുള്ള തെളിവുകൾ ഇഡി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ബിസിനസ് തുടങ്ങാനാണ് വിദേശത്തേക്ക് പണം കൈമാറിയതെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കുന്നതിൽ തീരുമാനം ഉണ്ടാകും.

അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ സർക്കാർ എഫ്ഐആർ ഇടുമെന്ന വിലയിരുത്തലിലാണ് ഇഡി. മതിയായ തെളിവുകൾ റിപ്പോർട്ടിൽ നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിൽ എജിയും ഡിജിപിയും സംയുക്ത നിയമോപദേശം നൽകും.

അതേസമയം, പിണറായി വിജയനെതിരെയും മറ്റും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ, സി.എം.ആർ.എൽ കമ്പനി ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യും. മുൻ ചീഫ് ഫിനാൻസ് ഓഫീസറും ചീഫ് ജനറൽ മാനേജരുമായ പി. സുരേഷ്‌കുമാർ ഉൾപ്പെടെയുള്ള മുതിർന്ന ജീവനക്കാർ തിങ്കളാഴ്‌ച മുതൽ ഹാജരാകണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. വീണയ്‌ക്കു പുറമെ, മറ്റുള്ളവർക്ക് നൽകിയ തുകകൾ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുമെന്നാണ് സൂചന. കൈക്കൂലി വാങ്ങുന്നതിലും ദുബായിലേക്ക് പണം കടത്തുന്നതിലും പങ്കുവഹിച്ചെന്ന് ഇഡി വിവരിച്ച വീണയുടെ ഭർത്താവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പിഎ മുഹമ്മദ് റിയാസ് എംഎൽഎ, സുഹൃത്തുക്കളായ ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദുലാൽ എന്നിവരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് വൈകാതെ നോട്ടീസ് നൽകുമെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *