വീട്ടുമുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ ആക്രമിച്ച് കൊന്ന് വളർത്തുനായ, ഒടുവിൽ നായക്കും ദാരുണാന്ത്യം

തിരുവനന്തപുരം : വീട്ടുമുറ്റത്തെത്തിയ മൂർഖൻ പാമ്പുമായി ഏറ്റുമുട്ടി കീഴ്‌പ്പെടുത്തിയ വളർത്തുനായക്ക് ഒടുവിൽ ദാരുണാന്ത്യം. വട്ടിയൂർക്കാവ് വയലിക്കട അദ്വൈതം വീട്ടിൽ അരുണിന്റെയും നിഖിതയുടെയും വളർത്തുനായ ലിയോ ആണ് ചത്തത്. ജർമ്മൻ ഷെപ്പേർഡ് ഇനമാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
വീടിന് സമീപത്ത് ഉണ്ടായിരുന്ന ചാക്കുകെട്ടിന് അടുത്തായിട്ടായിരുന്നു മൂർഖൻ പാമ്പിനെ കണ്ടത്. മണം പിടിച്ച് പാമ്പിനെ കണ്ടെത്തിയ നായ അരമണിക്കൂറോളം പാമ്പുമായി ഏറ്റുമുട്ടി. ഇതിന് പിന്നാലെ പാമ്പ് ചത്തു. ഇതിന് ശേഷവും വീട്ടുമുറ്റത്ത് നായ കളിച്ചുനടന്നിരുന്നു. എന്നാൽ അധികം വൈകാതെ അവശനിലയിലായി. ഒടുവിൽ പി.എം.ജിയിലെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് നായക്ക് പാമ്പിന്റെ കടിയേറ്റിരുന്നുവെന്ന് കണ്ടെത്തിയത്. ഏറ്റുമുട്ടലിനിടെ നായയുടെ നാക്കിലാണ് കടിയേറ്റത് എന്ന് പരിശോധനയിൽ വ്യക്തമായി. ആന്റിവെനം മൂന്നുതവണ കുത്തിവച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വീട്ടിൽ കൂടിന് സമീപത്തായി നായയുടെ ജഡം സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *