നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി. ഇന്ന് പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യൻ ടീം വെള്ളി മെഡൽ നേടി. ഹിമാൻഷു ധില്ലൻ, പാർത്ഥ് മാനെ, രുദ്രാൻക്ഷ് പട്ടേൽ എന്നിവരടങ്ങുന്ന ടീമാണ് വെള്ളി മെഡൽ നേട്ടം സ്വന്തമാക്കിയത്. ടീം ടോട്ടലിൽ ഇന്ത്യ 1890.1 പോയിന്റാണ് നേടിയത്. ചൈനയാണ് സ്വർണം നേടിയത്. 1899 ആണ് ചൈനയുടെ നേട്ടം. 1882.5 പോയിന്റോടെ ഇന്തോനേഷ്യ മൂന്നാം സ്ഥാനത്തെത്തി.
10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോക റെക്കോഡോടെയായിരുന്നു ചൈന സ്വർണമെഡൽ നേടിയത്. ഇന്ത്യയുടെ രുദ്രാൻക്ഷ് പട്ടേലും ഹിമാൻഷു ധില്ലനും വ്യക്തിഗത വിഭാഗത്തിൽ ഫൈനലിലെത്തി. 631.8 നേടിയ രുദ്രാൻക്ഷ് മൂന്നാം സ്ഥാനത്താണ് എത്തിയത്. ധില്ലൻ 630 നേടി ഏഴാം സ്ഥാനത്തെത്തി . അതേസമയം മറ്റൊരു ഷൂട്ടറായ പാർത്ഥ് മാനെ 628.3 പോയിന്റോടെ 11-ാം സ്ഥാനത്ത് മാത്രമാണ് എത്തിയത്.
മറ്റ് ചില വിഭാഗങ്ങളിലും മെഡൽ ഉറപ്പിക്കുന്ന കരുത്തുറ്റ പ്രകടനം ഇന്ത്യൻ താരങ്ങളുടേതായുണ്ടായി. എംഎംഎയിൽ വനിതാ വിഭാഗത്തിൽ സുചിക തര്യാൽ ഇന്ത്യക്കായി ഒരു മെഡൽ നേട്ടം ഉറപ്പിച്ചു. ഇന്റിവിജ്വൽ 60 കിലോ വിഭാഗത്തിലെ മത്സരത്തിലാണ് നേട്ടം. വനിതാ ക്രിക്കറ്റ് ടീമും ഒരു മെഡൽ നേട്ടം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം കബഡി ടീമുകൾ ഇന്ന് മത്സരത്തിനിറങ്ങും, ഇവരിലൂടെയും മെഡൽ നേട്ടം ഇന്ത്യ പ്രതീക്ഷിക്കുന്നു. ടേബിൾ ടെന്നീസിൽ ഇന്ത്യ രണ്ട്‌തവണ പാകിസ്ഥാനെ നേരിടും.
ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്‌ക്ക് മൂന്നാം മെഡൽ നേട്ടം, ഷൂട്ടിംഗ് പുരുഷവിഭാഗത്തിൽ വെള്ളി മെഡൽ