തിരുവനന്തപുരം: മദ്യശാലകളിലെ നീണ്ട നിരയും തിരക്കും ഒഴിവാക്കാന്‍ സെൽഫ് വെൻഡിങ് മെഷീനുകൾ അവതരിപ്പിക്കാനൊരുങ്ങി ബിവറേജസ് കോർപറേഷൻ (ബെവ്കോ). ഇതിന്റെ ആദ്യഘട്ട പരീക്ഷണം കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലുള്ള സൂപ്പർ പ്രീമിയം ഔട്ട്ലെറ്റിൽ ഉടൻ ആരംഭിക്കും.
ഇത് വിജയകരമായാൽ മറ്റ് പ്രീമിയം ഔട്ട്ലെറ്റുകളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ബെവ്കോയുടെ തീരുമാനം. ബാങ്കുകളുടെ സാങ്കേതിക സഹകരണത്തോടെയാണ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുന്നത്.
വിവിധ ബ്രാൻഡിലുള്ള മദ്യക്കുപ്പികൾ ഈ മെഷീനിൽ സ്റ്റോർ ചെയ്യും. ഉപഭോക്താക്കൾക്ക് ടച്ച് സ്ക്രീൻ വഴി തങ്ങൾക്ക് ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുക്കാൻ സാധിക്കും. തുടർന്ന് എടിഎം കാർഡുകൾ വഴിയോ യുപിഐ (UPI) മാധ്യമങ്ങൾ വഴിയോ പണമടയ്ക്കാം. പേയ്മെന്റ് പൂർത്തിയാകുന്ന മുറയ്ക്ക് മെഷീനിൽ നിന്ന് നേരിട്ട് കുപ്പി കൈക്കലാക്കാനും ഒപ്പം ബില്ല് സ്വന്തമാക്കാനും സാധിക്കും.