തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് മുന്നോടിയായി ആരാധകര്‍ക്ക് ആശ്വാസ വാർത്തയുമായി തിരുവനന്തപുരം കോർപ്പറേഷൻ. മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ ഒരാൾക്ക് നാല് ലിറ്റർ എന്ന തോതിൽ കുടിവെള്ളം തികച്ചും സൗജന്യമായി ലഭ്യമാക്കുമെന്ന് മേയർ വി. വി. രാജേഷ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ തവണ മത്സരത്തിനിടെ സ്റ്റേഡിയത്തിൽ കുടിവെള്ളം തീർന്നുപോയത് മുതലാക്കി ചില കച്ചവടക്കാർ അമിതവില ഈടാക്കി കുടിവെള്ളം വിറ്റതായി പരാതികൾ ഉയർന്നിരുന്നു. ഇത് ആവർത്തിക്കാതിരിക്കാനാണ് കോർപ്പറേഷൻ ഇടപെട്ട് കാണികൾക്ക് ആവശ്യമായ കുടിവെള്ളം സൗജന്യമായി ഉറപ്പാക്കുന്നത്. കൂടാതെ, മത്സരം അവസാനിച്ചയുടൻ തന്നെ സ്റ്റേഡിയവും പരിസരവും ശുചീകരിക്കാനുള്ള വിപുലമായ സജ്ജീകരണങ്ങൾ കോർപ്പറേഷൻ ഒരുക്കിയിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.
കോർപ്പറേഷനിൽ നടന്ന സാമ്പത്തിക-നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മേയർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കാളിത്തമുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കേസിന്റെ കൃത്യമായ വിവരങ്ങളും തെളിവുകളും കോർപ്പറേഷൻ പൊലീസിന് കൈമാറി വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.