പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസിന്റെ പേര് മക്കൾ സർവീസ് സൊസൈറ്റി എന്നാക്കി മാറ്റേണ്ട അവസ്ഥയാണെന്ന് ഗണേഷ് കുമാർ പരിഹസിച്ചു. എൻഎസ്എസ് നിലനിൽക്കുന്നത് സുകുമാരൻ നായരുടെ മക്കൾക്കും ബന്ധുക്കൾക്കും വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. വണ്ടൻമേട് എൻഎസ്എസ് യൂണിയൻ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാറിന്റെ വിമർശനം.
സുകുമാരൻ നായരുടെ മകളെ എൻഎസ്എസിന് കീഴിലുള്ള കോളജുകളുടെ ചുമതല ഏൽപ്പിച്ചതിനെതിരെയും ഗണേഷ് കുമാർ ആരോപണമുന്നയിച്ചു. പ്രൊഫസറാകാൻ യോഗ്യതയില്ലാത്ത മകളാണ് നിലവിൽ എൻഎസ്എസ് കോളജുകൾ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യക്കും മക്കൾക്കും ജോലി നൽകി ആളുകളെ അടിമകളാക്കുകയാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ ആരോപിച്ചു. അഭിഭാഷകർ മാത്രമേ ജനറൽ സെക്രട്ടറിയാകാവൂ എന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും പത്താം ക്ലാസ് പോലും ജയിക്കാത്തവർക്ക് എൻഎസ്എസ് ആസ്ഥാനത്ത് ഇരിക്കാമെന്ന് തെളിയിച്ചെന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെ എൻഎസ്എസ് ആസ്ഥാനത്ത് സുകുമാരൻ നായർ സ്വീകരിച്ചതിനെയും ഗണേഷ് കുമാർ വിമർശിച്ചു. സ്വീകരണത്തിന് പിന്നിൽ വ്യക്തിപരമായ താൽപര്യമുണ്ടെന്നും ചെറുമകന്റെ സർക്കാർ സർവീസിലെ തടസ്സങ്ങൾ നീക്കുന്നതിനായാണ് മന്ത്രിയെ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം സമുദായത്തോടുള്ള സുകുമാരൻ നായരുടെ നിലപാടുകളെയും ചങ്ങനാശേരിയിലെ ചന്ദനക്കുടം വിഷയത്തിൽ നടത്തിയ ഇടപെടലിനെയും ഗണേഷ് കുമാർ വിമർശിച്ചു.
ധനലക്ഷ്മി ബാങ്കിലെ നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിൻവലിക്കാൻ കരയോഗങ്ങൾക്ക് സുകുമാരൻ നായർ നിർദേശം നൽകിയതായും ഗണേഷ് കുമാർ ആരോപിച്ചു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട് ബാങ്കിൽനിന്ന് ബന്ധുവിനെ പറഞ്ഞുവിട്ടതിന്റെ പേരിലാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മാതാ അമൃതാനന്ദമയിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചയാളാണ് സുകുമാരൻ നായരെന്നും, അതേസമയം അദ്ദേഹത്തിന്റെ ചെറുമകൻ അമൃതാനന്ദമയിയുടെ കീഴിലുള്ള എൻജിനീയറിങ് കോളജിലാണ് പഠിക്കുന്നതെന്നും ഗണേഷ് കുമാർ ആരോപിച്ചു.
കൂടെ നിൽക്കുന്നവരുടെ കഴുത്തിന് കത്തി വെക്കുന്നവരാണ് ഇപ്പോൾ എൻഎസ്എസിന്റെ നേതൃസ്ഥാനത്തുള്ളതെന്നും ഗണേഷ് കുമാർ പറഞ്ഞു. എൻഎസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈയിൽനിന്ന് രക്ഷിക്കണമെന്നും ‘നക്കാപ്പിച്ച കണ്ട് നായർ വീഴരുതെന്നും’ അദ്ദേഹം പരിഹസിച്ചു. ഹൈറേഞ്ച് എൻഎസ്എസ് യൂണിയനും പത്തനാപുരം എൻഎസ്എസ് യൂണിയനും രാത്രിയുടെ മറവിൽ പിരിച്ചുവിട്ടത് എന്തുകൊണ്ടാണെന്ന് സമുദായ നേതൃത്വം വ്യക്തമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.