എൻഎസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈകളിൽ നിന്ന് രക്ഷിക്കണം’

ഇടുക്കി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കെബി ഗണേഷ് കുമാർ. എൻഎസ്എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈകളിൽ നിന്ന് രക്ഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. വണ്ടൻമേട് ശ്രീ മഹാഗണപതി വിലാസം എൻഎസ്എസ് കരയോഗത്തിന്റെ രജത ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നക്കാപ്പിച്ച കണ്ട് ആരും വീണുപോകരുതെന്നും ഭാര്യമാ‌ർക്കും മക്കൾക്കും ജോലിനൽകി ആളുകളെ അടിമകളാക്കുകയാണ് സുകുമാരൻ നായരെന്നും ഗണേഷ് കുമാർ ആരോപിച്ചു. മുസ്ലീം പണ്ഡിതനെയോ സമുദായ നേതാവിനെയോ മന്നത്ത് അനുസ്മരണ പരിപാടികളിൽ സംസാരിക്കാൻ ക്ഷണിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

 

മന്നത്ത് പത്മനാഭൻ എല്ലാ മതസ്ഥരെയും ഒരുപോലെ കണ്ട് മതേതരത്വത്തിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു. എന്നാൽ നിലവിലെ നേതൃത്വം ചങ്ങനാശേരിയിലെ ജമാഅത്തിന്റെ ചന്ദനക്കുടം നേർച്ച നിർത്തലാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നിട്ട് തനിക്ക് മുസ്ലീം സമുദായത്തോട് സ്നേഹമാണെന്ന് പറയുന്നതിന്റെ ഇരട്ടത്താപ്പ് ടിവിയിലൂടെ കാണുമ്പോൾ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മുൻപ് അമൃതാനന്ദമയി അമ്മക്കെതിരെ ജാതി അധിക്ഷേപം നടത്തിയ വ്യക്തിയാണ് സുകുമാരൻ നായർ. അതേ അമ്മയുടെ കോളേജിലാണ് അദ്ദേഹത്തിന്റെ കൊച്ചുമകൾ എംടെകിന് പഠിക്കുന്നത്. പഠനം കഴി‌ഞ്ഞാൽ പാലക്കാട് എഞ്ചിനീയറിംഗ് കോളേജിൽ ജോലി ലഭിക്കുമെന്നും ഗണേഷ് കുമാർ ആരോപിച്ചു.

 

താൻ എൻഎസ്എസ് എന്ന പ്രസ്ഥാനത്തിന് ഒരിക്കലും എതിരല്ലെന്നും നേതൃത്വത്തിന്റെ തെറ്റായ നയങ്ങളെയാണ് എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക പാനലിനെതിരെ വോട്ടുചെയ്ത് സംഘടനയെ തിരുത്താൻ സമുദായത്തിലെ ഓരോ അംഗവും മുന്നോട്ടുവരണമെന്നും കെബി ഗണേഷ് കുമാർ ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *