കൊച്ചി: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് പാര്‍ട്ടി വിടാനൊരുങ്ങുന്നതായി സൂചന. സിഎംആര്‍എല്‍ മാസപ്പടി കേസിലെ ഇഡി എസ്എഫ്ഐഒ രേഖ പുറത്തു വിട്ടത് ബിജെപിയിലെ കലാപത്തിന് തിരികൊളുത്താനെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നിര്‍ണായക നീക്കവുമായി ഷോണ്‍ രംഗത്തെത്തുന്നത്. മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ വി മുരളീധരന്റെ പേര് ഉള്‍പ്പെട്ട കര്‍ത്തയുടെ ഡയറിയുടെ പകര്‍പ്പ് ഷോണ്‍ ജോര്‍ജ്ജ് പുറത്ത് വിട്ടത് മനപൂര്‍വ്വമാണെന്ന് ബിജെപിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കി, സിഎംആര്‍എല്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതിനായാണ് ഷോണ്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം പകര്‍പ്പ് പുറത്ത് വിട്ടതെന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ രഹസ്യമായി നടക്കുന്ന ചര്‍ച്ച. ബിനീഷ് കൊടിയേരിയും പിണറായി വിജയനും തമ്മില്‍ വര്‍ഷങ്ങളായി നടന്നു വന്നിരുന്ന പ്രശ്നങ്ങള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പരിഹാരമായിരുന്നു. ഇതോടെ പിണറായി വിജയനും കുടുംബവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെ വഴി തിരിച്ച് വിടാനാണ് ഷോണ്‍ വി മുരളീധരന്റെ പേര് പുറത്ത് വിട്ടതെന്നാണ് ആരോപണം. ബിനീഷ് കൊടിയേരിയും ഷോണ്‍ ജോര്‍ജ്ജും ചേര്‍ന്ന് വര്‍ഷങ്ങളായി കൊച്ചിയില്‍ നിയമസ്ഥാപനം നടത്തി വരുകയാണ്. ഷോണിന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ പിണറായി വിജയനും ബിനീഷും തമ്മിലുള്ള പ്രശ്നങ്ങളുടെ മഞ്ഞുരുകല്‍ ആണെന്ന് ഇതോടെ വ്യക്തമാവുകയാണ്. ഷോണ്‍ ജോര്‍ജ്ജാണ് സിഎംആര്‍എല്ലില്‍ നിന്ന് പിണറായി വജയന് പണം വാങ്ങിയതും മകള്‍ വീണ വിജയന് നല്‍കാത്ത സേവനത്തിന് പണം വാങ്ങിയെന്നത് അടക്കമുള്ള ആരോപണങ്ങള്‍ ആദ്യം പുറത്ത് വിട്ടതും പിന്നീട് എസ്.എഫ്.ഐ.ഒ ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കുകയും ചെയ്തത്. അതേസമയം, വി മുരളീധരന്റെ പേര് പുറത്ത് വിടുന്നതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെടല്‍ ഉണ്ടാകുമെന്നും, ഇതിന്റെ ചുവട് പിടിച്ച് പാര്‍ട്ടി വിടാന്‍ ഷോണ്‍ ജോര്‍ജ്ജ് പദ്ധതി തയ്യാറാക്കിയിരുന്നെന്നുമാണ്, ചില രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. അതേസമയം, സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കുന്നതില്‍ നിന്ന് ഷോണ്‍ ജോര്‍ജ്ജിനെ പാര്‍ട്ടി നേതൃത്വം വിലക്കി. ഇനി വിഷയത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍ പ്രതികരിച്ചാല്‍ മതിയെന്ന് പാര്‍ട്ടി തീരുമാനമെടുത്തതായാണ് പുറത്ത് വരുന്ന വിവരം.