ഓണം ബംപർ അടിക്കാത്തവർക്ക് നിരാശ വേണ്ട,​ 12 കോടിയുടെ പൂജാ ബംപർ ടിക്കറ്റ് നാളെ മുതൽ വാങ്ങാം

തിരുവനന്തപുരം: ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ. എസ് അറിയിച്ചു. JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വില്പന നടത്തുക.

വില്പനയുടെ പുരോഗതിയനുസരിച്ച് വിവിധ ഘട്ടങ്ങളിലാണ് ടിക്കറ്റുകൾ അച്ചടിക്കുക. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം 50 ലക്ഷം10 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം 10 പേർക്കും നാലാം സമ്മാനം മൂന്ന് ലക്ഷം അഞ്ച് പേർക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേർക്കും ലഭിക്കുമ്പോൾ, സമാശ്വാസ സമ്മാനം 4 പേർക്ക് ഒരു ലക്ഷം വീതവും ലഭിക്കും. കൂടാതെ 5000 ( 8100 പേർക്ക്), 1000 (64800 പേർക്ക്), 500 (1,29,600 പേർക്ക് ) 300 (1, 40, 400 പേർക്ക്) രൂപയും ഉൾപ്പെടെ 39,11,20,000 രൂപ സമ്മാനമായി ലഭ്യമാകുന്നതാണ് സമ്മാന ഘടന.

പൂജാ ബംപർ നറുക്കെടുപ്പ് നവംബർ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഭാഗ്യക്കുറി ജില്ലാ ഓഫീസുകളും സബ്ഓഫീസുകളും മുഖേന അംഗീകൃത ഏജൻസികളും വില്പനക്കാരും വില്പന നടത്തുന്ന അച്ചടിച്ച ടിക്കറ്റുകൾ മാത്രം വാങ്ങണമെന്നും കേരള ഭാഗ്യക്കുറിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകൾ മുഖേനയും വാട്‌സാപ്പ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുതെന്നും ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *