38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് തുടങ്ങി ; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണ്ണായകം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. യുഡിഎഫ് അധികാരത്തില്‍ എത്തിയ ശേഷം കേരളത്തില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിവരെ തുടരും. ഭരണമാറ്റത്തിനുശേഷമുള്ള ആദ്യ ജനവിധി എന്ന നിലയില്‍ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ വോട്ടുചെയ്യാന്‍ ജനങ്ങള്‍ എത്തിത്തുടങ്ങി.

കൊല്ലം, ആലപ്പുഴ ജില്ലകള്‍ ഒഴികെ ബാക്കി 12 ജില്ലകളിലായി ആകെ 38 വാര്‍ഡുകളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. വിവിധ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളായും സ്വതന്ത്രരായും ആകെ 126 സ്ഥാനാര്‍ത്ഥികളാണ് ജനവിവിധ തേടുന്നത്. 2 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍, 3 മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, 7 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും വലിയ മത്സരം നടക്കുന്നത്.

കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ 15 പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 385 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. എംഎല്‍എമാരായതിനെ തുടര്‍ന്ന് അംഗങ്ങള്‍ രാജി വെച്ചതിലൂടെ ഒഴിവുവന്ന 8 തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.

എറണാകുളം ജില്ലയില്‍ നാല് വാര്‍ഡുകളിലാണ് ഇന്ന് ജനവിധി തേടുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ അയ്യപ്പന്‍കാവ് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇവിടെ കൗണ്‍സിലര്‍ ദീപക് ജോയ് എംഎല്‍എ ആയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോലഞ്ചേരി ഈസ്റ്റിലെ പുതൃക്ക പഞ്ചായത്ത് ട്വന്റി ട്വന്റി അംഗമായിരുന്ന പൂജ ജോമോന്‍ പാര്‍ട്ടി വിട്ട് യുഡിഎഫില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് ഈസ്റ്റ്, പാറക്കടവ് പഞ്ചായത്തിലെ പുളിയനം സൗത്ത് എന്നിവിടങ്ങളിലും മത്സരം നടക്കുന്നുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷനില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ആകെ 8 ബൂത്തുകളിലായി 9,712 വോട്ടര്‍മാരാണ് കുറ്റിച്ചിറയിലുള്ളത്. ഫാത്തിമ തഹലീയ പേരാമ്പ്ര എംഎല്‍എ ആയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. ടി.ടി ജംഷീന (ഐ.എന്‍.എല്‍), ഫര്‍സീന അറക്കല്‍ (മുസ്ലിം ലീഗ്), കെ. ജീജ (ബി.ജെ.പി) എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

Leave a Reply

Your email address will not be published. Required fields are marked *