പോലീസ് സംഘടനകളെ പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി; നടപടി ഭരണഘടനാ വിരുദ്ധം

കൊച്ചി: സംസ്ഥാനത്തെ പോലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കാനും പിരിച്ചുവിടാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിവാദ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് കോടതി റദ്ദാക്കിയത്.

സംഘടന രൂപീകരിക്കുന്നതില്‍ മാത്രമല്ല അവകാശം. സംഘടനാ പ്രവര്‍ത്തനം ഭരണഘടനാ അവകാശമാണ്. അംഗീകാരമുളള സംഘടനകള്‍ ആയാണ് പോലീസ് സംഘടനകളുടെ പ്രവര്‍ത്തനമെന്നുമാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. കേരള പോലീസ് അസോസിയേഷന്‍, കേരള പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ സമര്‍പ്പിച്ച രണ്ടു റിട്ട് ഹര്‍ജികള്‍ അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

പോലീസ് സംഘടനകളെ പിരിച്ചുവിട്ട് പുതിയ അഡ്‌ഹോക്ക് കമ്മിറ്റികള്‍ രൂപീകരിക്കാനുളള സര്‍ക്കാര്‍ നീക്കത്തിനും കോടതി തടയിട്ടു. സംഘടനകളുടെ ഭാഗം കേള്‍ക്കാതെയും അവരുടെ അഭിപ്രായങ്ങള്‍ ആരാതെയും സര്‍ക്കാര്‍ നേരിട്ട് അഡ്‌ഹോക്ക് കമ്മിറ്റിക്കളെ നിയമിച്ചത് പോലീസ് അസോസിയേഷനുകളുടെ സ്വതന്ത്രമായ സ്വയംഭരണാവകാശത്തിലുളള നേരിട്ടുളള കടന്നുകയറ്റമാണ്.

സംഘടനകളുടെ ജനാധിപത്യ സ്വഭാവത്തെ തകര്‍ക്കുന്ന ഇത്തരം ഭരണപരമായ ഇടപെടലുകള്‍ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവും അഡ്‌ഹോക്ക് സമിതി രൂപീകരണവും കോടതി റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *