പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടിടങ്ങളിലായി മൂന്ന് പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്ക്. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുള്ളിയില്‍ ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് 30കാരനായ വെള്ളിങ്കിരിക്ക് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ പുഴയിലേക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാന ഇയാളെ ആക്രമിച്ചത്. മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്.
അട്ടപ്പാടി ഗൂളിക്കടവിലായിരുന്നു രണ്ടാമത്തെ ആക്രമണം. രാവിലെ അഞ്ചരയോടെ ഓട്ടോ യാത്രക്കാരെയാണ് കാട്ടാന ആക്രമിച്ചത്. യാത്രക്കാരിയായ മിനി ഷാജിക്കും ഓട്ടോ ഡ്രൈവര്‍ പ്രസാദിനും പരിക്കേറ്റു. മൂവരെയും അട്ടപ്പാടി ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.