‘ആത്മാവിന്റെ സന്തോഷമാണ് മഴ’; സലിം കുമാറിനുമുന്നില്‍ വിതുമ്പലോടെ നവ്യ

 

അന്തരിച്ച നടന്‍ സലിം കുമാറിന് ആദരാഞ്ജലികളര്‍പ്പിച്ച് നടി നവ്യാ നായര്‍. ഒരു സഹപ്രവര്‍ത്തകനെന്നതിലുപരി നമ്മളെ സന്തോഷിപ്പിക്കുകയും കൂടെ നില്‍ക്കുകയും ചെയ്ത സഹോദരനായിരുന്നു സലിം കുമാറെന്ന് അവര്‍ പറഞ്ഞു. പറവൂര്‍ ടൗണ്‍ഹാളിലെത്തി അന്ത്യോപചാരമര്‍പ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു നവ്യ.
‘ഹാസ്യനടനില്‍നിന്ന് സ്വഭാവനടനിലേക്ക് മാറുകയും ദേശീയ പുരസ്‌കാരം നേടിക്കൊണ്ട് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമാകുകയും ചെയ്ത നമ്മുടെ എല്ലാവരുടേയും പ്രിയപ്പെട്ട സലീമേട്ടന്‍ നമ്മളെ വിട്ട് പിരിഞ്ഞു. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ സാധിച്ചു. ഒരുമിച്ച് യാത്രകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അപ്പോള്‍ ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ പഴയ ഓര്‍മകളിലേക്ക് പോകുകയാണ്. ഒരുപാട് സങ്കടമുണ്ട്.
ഇങ്ങോട്ട് വരുന്ന വഴി നല്ല മഴയായിരുന്നു. ഞങ്ങളൊരുമിച്ച് അഭിനയിച്ച മഴത്തുള്ളിക്കിലുക്കം എന്ന ചിത്രത്തിലെ ഒരു വരിയാണ് അപ്പോള്‍ മനസിലേക്ക് വന്നത്. ആ സിനിമ അവസാനിക്കുമ്പോള്‍ ഒരു സംഭാഷമുണ്ട്. ആത്മാവിന്റെ സന്തോഷമാണ് മഴ എന്ന്. അതിങ്ങനെ മനസില്‍ ആലോചിച്ചുപോയി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.’ നവ്യാ നായരുടെ വാക്കുകള്‍.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് സലിം കുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഹാസ്യകഥാപാത്രങ്ങളിലൂടെ കുടുകുടെ ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് വിടവാങ്ങുന്നത്. മിമിക്രി വേദികളിലൂടെ സിനിമാലോകത്തേക്കെത്തിയ സലിം കുമാര്‍ ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *