‘വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു; പ്രസ്താവനകള്‍ വേണ്ടത്ര പ്രതിരോധിച്ചില്ലെന്ന് പൊതു ബോധം ഉണ്ടായി’; എംവി ഗോവിന്ദന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളി സിപിഐഎം. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും ശക്തമായ നിലപാട് പാര്‍ട്ടി സ്വീകരിച്ചിരുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തെ സിപിഐഎം നേതാക്കള്‍ വേണ്ടത്ര മറുപടി പറഞ്ഞില്ലെന്ന പ്രചാരണത്തിനാണ് മുന്‍തൂക്കം ഉണ്ടായതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.വെള്ളാപ്പള്ളിയുടെ ഒരു വര്‍ഗീയ നിലപാടിനോടും യോജിപ്പില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തെ പാര്‍ട്ടി നേതാക്കളെല്ലാം എതിര്‍ത്തിട്ടുണ്ട്. വെള്ളാപ്പള്ളിക്കെതിരായ നിലപാടിന് ഊക്ക് പോര എന്ന വിമര്‍ശനമാണ് ചര്‍ച്ചയില്‍ ഉണ്ടായതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മുസ്ലിം വിരുദ്ധ പ്രസ്താവനയെ ശക്തമായി പ്രതിരോധിച്ചില്ലെന്ന് പൊതു ബോധം ഉണ്ടായി. ഈ സംശയം ദുരീകരിക്കുന്ന ഇടപെടല്‍ നടത്തുന്നതില്‍ വീഴ്ച ഉണ്ടായി എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.ആഗോള അയ്യപ്പസംഗമവും വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചതും തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായെന്ന് എംവി ഗോവിന്ദന്‍ സമ്മതിച്ചു. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് സര്‍ക്കാരാണെന്ന പ്രചാരണം ജനങ്ങളില്‍ ആശയ കുഴപ്പമുണ്ടാക്കി. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തെറ്റാണെന്നും സംസ്ഥാന കമ്മിറ്റിയില്‍ വിലയിരുത്തല്‍. പയ്യന്നൂര്‍,തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ചയുണ്ടായെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.ചില മണ്ഡലങ്ങളില്‍ ബിജെപിക്ക് ജയിക്കാന്‍ യുഡിഎഫും വോട്ട് നല്‍കിയെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു. 3 സീറ്റില്‍ ബിജെപി ജയിച്ചത് അതീവ ഗുരുതരമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എസ്‌ഐആര്‍ ന്യൂനപക്ഷങ്ങള്‍ക്കുണ്ടാക്കിയ ആശങ്ക ലീഗ്-ജമാഅത്തെ ഇസ്ലാമി-കോണ്‍ഗ്രസ് കൂട്ടുകെട്ടിന് ഗുണകരമായെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ ചേരിയില്‍ നിന്ന് മാറ്റാന്‍ ഇത് കാരണമായി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പോരായ്മ ഉണ്ടായെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *