ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ- കാവ്യ മാരൻ വിവാഹസത്കാരം ഇന്ന് ചെന്നൈയിൽ നടന്നു. രാഷ്ട്രീയ, സാംസ്കാരിക, സ്പോർട്സ്, സിനിമ മേഖലയിലെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഇന്നത്തെ വിവാഹ സത്കാരത്തിൽ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്യും ഇന്ന് വിവാഹ സത്കാരത്തിൽ പങ്കെടുത്തിരുന്നു. മുൻ മുഖ്യമന്ത്രി സ്റ്റാലിനൊപ്പം വിജയ് നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. സൺ ഗ്രൂപ്പ് പുറത്തുവിട്ട ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത്, കലാനിധി മാരൻ എന്നിവർക്കൊപ്പമാണ് വിജയ്യും സ്റ്റാലിനും നിന്നിരുന്നത്. ഇവർക്ക് പുറമേ സൂപ്പർതാരം കമൽഹസനും വിവാഹസത്കാരത്തിനെത്തി.
ഇതാദ്യമായാണ് ഇലക്ഷന് ശേഷം വിജയ്യും സ്റ്റാലിനും ഒരു ഫ്രെയിമിൽ ഇടംപിടിക്കുന്നത്. കേരളത്തിൽ നിന്നും മുഖ്യമന്ത്രി വി ഡി സതീശനും കുടുംബവും വിവാഹ സത്കാരത്തിൽ പങ്കെടുത്തിരുന്നു. ഐപിഎൽ ഫ്രാഞ്ചൈസി സൺ റൈസേഴ്സ് ഹൈദരാബാദ് സിഇഒയും സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളുമായ കാവ്യയുടെ വിവാഹത്തിന് ലോകമാകെയുള്ള ക്രിക്കറ്റ് സൂപ്പർതാരങ്ങളും എത്തി.
ന്യൂസിലൻഡ് മുൻ നായകൻ കെയ്ൻ വില്യംസൺ, ഡാനിയൽ വെട്ടോറി, ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്ൻ, ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ തുടങ്ങിയവർ എത്തിയിരുന്നു. ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനും എത്തി.