അബ്‌കാരി കേസ്; ചോദ്യം ചെയ്യലിന് മുൻപ് മുൻകൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ്

കൽപ്പറ്റ: അബ്‌കാരി കേസിൽ മുൻകൂ‌ർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ്. എക്‌സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് വിവരം ലഭിച്ചതിന് പിന്നാലെ കൽപ്പറ്റ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നടത്തിയ പരിശോധനയിൽ അളവിൽ കവിഞ്ഞ മദ്യ ശേഖരം കണ്ടെത്തിയ സംഭവത്തിൽ ആന്റോ അഗസ്റ്റിൻ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. 43 ലിറ്റർ വിദേശനിർമിത മദ്യവും വ്യാജ മദ്യവുമുൾപ്പെടെയാണ് ആന്റോയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. ഇന്ത്യൻ നിയമപ്രകാരം ഒരാൾക്ക് മൂന്ന് ലിറ്റർ മദ്യം മാത്രമാണ് വീട്ടിൽ സൂക്ഷിക്കാൻ അനുവാദമുള്ളത്.

നിലവിൽ ലില്ലി ജോസിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൊഴിയെടുക്കുന്നതിനായി നോട്ടീസ് നൽകാൻ ബത്തേരി കോളിയാടിയുള്ള വസതിയിൽ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. തറവാട് വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്നാണ് ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി കോടതിയിൽ വ്യക്തമാക്കിയത്. ജപ്‌തിയിലായ വീട് ലേലത്തിൽ പിടിച്ചത് ലില്ലിയാണെന്നും ആന്റോ കോടതിയിൽ മൊഴി നൽകിയിരുന്നു. കോടതി അറ്റാച്ച്‌മെന്റ് നടപടികളുടെ ഭാഗമായി നിലനിൽക്കുന്ന വസ്തുവായതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നായിരുന്നു ആന്റോയുടെ വാദം. താൻ മദ്യം കുടിക്കാറില്ലെന്നും വീടും വസ്‌തുവും സർഫാസി ആക്ട് പ്രകാരം വിൽപനയിലേക്ക് പോയതാണെന്നും ആന്റോ വാദിച്ചിരുന്നു.

എന്നാൽ വീട് ആന്റോയുടെ പേരിൽ തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വീട് ആന്റോ അഗസ്റ്റിന്റേത് തന്നെയെന്ന് തെളിയിക്കാൻ വോട്ടർ പട്ടികയിലെ വിവരങ്ങൾ, കെഎസ്ഇബി ബില്ല്, വില്ലേജ് രേഖകൾ എന്നിവയും കോടതിയിൽ ഹാജരാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *