അമേരിക്കയെ ഇനി വിശ്വാസമില്ലെന്ന് ഇറാൻ; ഹോർമൂസ് തുറക്കാൻ ധാരണ വേണമെന്ന് പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ

ന്യൂയോർക്ക്: ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ റോഡ്മാപ്പിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ നിർദേശം തള്ളിയതിന് പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം. അതേസമയം, അമേരിക്കയുമായുള്ള ചർച്ചകളിൽ ഇനി വിശ്വാസമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വ്യക്തമാക്കി.

മുൻപ് അമേരിക്കയുമായി നടത്തിയ ചർച്ചകളുടെ ഓരോ ഘട്ടത്തിനും പിന്നാലെ ആക്രമണങ്ങളും ഉപരോധങ്ങളും ഉണ്ടായതാണ് വിശ്വാസം നഷ്ടപ്പെടാൻ കാരണമെന്ന് പെസെഷ്കിയാൻ പറഞ്ഞു. അമേരിക്കൻ ഭാഗത്ത് വിശ്വാസമില്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് ധാരണയിലെത്തുകയെന്ന് അറിയില്ലെന്നും അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെയല്ല, ചർച്ചകളിലൂടെയാണ് പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതെന്നും പെസെഷ്കിയാൻ പറഞ്ഞു.

ഹോർമൂസ് കടലിടുക്ക് അടച്ചത് ഇറാനല്ലെന്നും, ഇറാനിലേക്കുള്ള പാതകൾ അമേരിക്ക അടച്ചതിന്റെ സ്വാഭാവിക പ്രതികരണമായാണ് കടലിടുക്കിലെ നിയന്ത്രണം ഉണ്ടായതെന്നും പെസെഷ്കിയാൻ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്ന തരത്തിലുള്ള ധാരണയിലെത്താൻ കഴിഞ്ഞാൽ വാണിജ്യ കപ്പലുകൾക്കായി ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികളിൽ 12 ബില്യൺ ഡോളർ വിട്ടുനൽകുക, ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചത്. ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിലെ ശത്രുതാപരമായ നടപടികൾ ഏഴ് ദിവസത്തേക്ക് നിർത്തണമെന്നും നിർദേശത്തിലുണ്ട്. എന്നാൽ ഈ റോഡ്മാപ്പ് തള്ളുന്നതായി ട്രംപ് ശനിയാഴ്ച വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *