എസ്‌ഐആറിൽ ഭിന്നതയില്ല; വിവാദ കത്തിന് പിന്നിൽ ഉദ്യോഗസ്ഥന്റെ നടപടി: തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളും പ്രത്യേക തീവ്ര പരിശോധനയായ എസ്‌ഐആറും സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ കമ്മീഷൻ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവരും പങ്കെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് ഡൽഹിയിലെ കമ്മീഷൻ ആസ്ഥാനത്ത് യോഗം ചേർന്നത്.

യോഗത്തിന് പിന്നാലെ എസ്‌ഐആർ, ഇസിഐനെറ്റ്, ഫോം 6, വോട്ടർപട്ടികയിലെ അവകാശവാദങ്ങളും ആക്ഷേപങ്ങളും, കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തുമായി ബന്ധപ്പെട്ട വിവാദം എന്നിവയിൽ കമ്മീഷൻ വിശദീകരണം നൽകി.

കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്ത് കമ്മീഷന്റെയോ ഐടി വിഭാഗത്തിന്റെയോ നയപരമായ തീരുമാനവുമായി ബന്ധപ്പെട്ടതല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കമ്മീഷനിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ നടപടിയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അറിയിച്ചു. രണ്ട് കമ്മീഷണർമാരുടെ ഇടപെടലിനെ തുടർന്ന് ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കിയിട്ടില്ലെന്നും ഐടി വിഭാഗത്തിന്മേലുള്ള ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മേൽനോട്ടം പിൻവലിച്ചിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

എസ്‌ഐആർ വിഷയത്തിൽ കമ്മീഷനിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന ചോദ്യവും കമ്മീഷൻ തള്ളി. ബിഹാർ, പശ്ചിമ ബംഗാൾ ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി 2025 ജൂൺ 24ന് പുറപ്പെടുവിച്ച എസ്‌ഐആർ ഉത്തരവ് ഏകകണ്ഠമായ അംഗീകാരത്തോടെയാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഈ ഉത്തരവ് 2026 മെയ് 27ന് സുപ്രീംകോടതി ശരിവച്ചതായും കമ്മീഷൻ ചൂണ്ടിക്കാട്ടി. 2025 ഒക്ടോബറിൽ 12 സംസ്ഥാനങ്ങൾക്കായും 2026 മെയ് മാസത്തിൽ 19 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി പുറത്തിറക്കിയ എസ്‌ഐആർ ഷെഡ്യൂളുകളും കമ്മീഷന്റെ പൂർണ അംഗീകാരത്തോടെയായിരുന്നുവെന്നും ഇസിഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *