‘വോട്ട് മോഷ്ടിക്കപ്പെട്ടാൽ ഭരണഘടനയും തകരും’; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധന (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ എതിർപ്പുകൾ അവഗണിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണെന്നും ജനങ്ങളുടെ വോട്ടവകാശത്തെ ബാധിക്കുന്ന നടപടികൾ ജനാധിപത്യ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

വോട്ടുകൾ മോഷ്ടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ജനപ്രതിനിധികൾ പാസാക്കുന്ന നിയമങ്ങളുടെ നിയമസാധുത പോലും ചോദ്യം ചെയ്യപ്പെടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി സർക്കാരിന്റെ കാലത്ത് ഭരണവിരുദ്ധ വികാരം അപ്രത്യക്ഷമാകുന്നതായി തോന്നുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലായിരുന്നുവെന്നും ഇപ്പോൾ അതിന് ഉത്തരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് നഷ്ടപ്പെടുന്നതോടെ ഭരണഘടനയും തകരും. വോട്ട് ഇല്ലാതാക്കിയാൽ ഭരണഘടനയും നിയമവും ഭരണഘടനാ സ്ഥാപനങ്ങളും ഇല്ലാതാകുമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണവിരുദ്ധ വികാരത്തിൽ നിന്ന് ആർക്കും രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാന, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ആടിയുലഞ്ഞ സർക്കാരുകൾ പെട്ടെന്ന് സ്ഥിരത കൈവരിച്ചത് എങ്ങനെയാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു. സദ്ദാം ഹുസൈന്റെ ഭരണത്തിലും ഉത്തര കൊറിയയിലും ഭരണവിരുദ്ധ വികാരം ഉണ്ടാകാറില്ലെന്നും അദ്ദേഹം പരാമർശിച്ചു.

താൻ വായുവിൽ നിന്ന് എടുത്തല്ല സംസാരിക്കുന്നതെന്നും അദാനി, മോഹൻ ഭാഗവത്, അമിത് ഷാ, മോദി, അജിത് ഡോവൽ, ഗ്യാനേഷ് കുമാർ എന്നിവർ ഇതിന് പിന്നിലെ ആസൂത്രകരാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ബിജെപി നേതാക്കൾ ജനാധിപത്യത്തിന്റെ കശാപ്പുകാരാണെന്ന് 100 ശതമാനം ഉറപ്പോടെ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ്, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചുവെന്നും കേന്ദ്രമന്ത്രിമാർ, മോദി അനുകൂല മാധ്യമ വ്യവസായികൾ എന്നിവർ ഗൂഢാലോചന നടപ്പാക്കിയവരാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനെ അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളുടെ നാൾവഴികളും അദ്ദേഹം പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *