ടെഹ്‌റാൻ: ദുബായ് – ടെൽ അവീവ് ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമത്തിൽ പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ തള്ളി ഇറാൻ. കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ആരോപണങ്ങളെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞതായി തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രയേലും ചില യൂറോപ്യൻ രാജ്യങ്ങളും മുൻകാലങ്ങളിലും ഇത്തരം പ്രചാരണം നടത്തിയിട്ടുണ്ടെന്നും പഴകിത്തേഞ്ഞ തന്ത്രമാണിതെന്നും ബഗായ് പറഞ്ഞു.
അതേസമയം, സഹപൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം ഭീകരാക്രമണമാണെന്ന് യുഎഇ സ്ഥിരീകരിച്ചിരുന്നു. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ചെറുകോടാലി കൊണ്ടായിരുന്നു ആക്രമണം. വിമാനം തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. ഒമാൻ പൗരനായ സഹ പൈലറ്റ് ഹമാം അൽ ഹമ്മാമിയാണ് (29) ആക്രമണം നടത്തിയത്.
യുഎസിൽ അൽ ക്വഇദ ഭീകരർ നടത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മാതൃകയിൽ വിമാനം തകർക്കാനാണ് ഹമാം ഉദ്ദേശിച്ചിരുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഭീകരാക്രമണത്തിന് ഹമാം ഒറ്റയ്ക്ക് പദ്ധതിയിട്ടതാണോ അതോ ഇയാൾക്ക് പിന്നിൽ ഏതെങ്കിലും ഭീകരഗ്രൂപ്പോ രാജ്യമോ ഉണ്ടോയെന്നാണ് ഇനി അറിയേണ്ടത്. യുഎഇ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.
ബുധനാഴ്ച പുലർച്ചെയാണ് യാത്രാമദ്ധ്യേ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച് വിമാനം തകർക്കാൻ ഹമാം ശ്രമിച്ചത്. സൗദി അറേബ്യൻ വ്യോമപരിധിയിൽ വച്ചായിരുന്നു ആക്രമണം.