ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളാണ് ഗ്യാനേഷ് കുമാർ , സ്ഥാനത്ത് തുടരുന്നത് അപകടം; ജിജി തോംസന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ചയാളാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്നും ബിജെപി ഏജന്റായി പ്രവർത്തിച്ചതിന് ഇനി കൂടുതൽ തെളിവുകൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കുമെന്നും അദ്ദേഹം ആരോപിച്ചു.

ഉയർന്ന ഭരണഘടനാ പദവിയിൽ ഗ്യാനേഷ് കുമാർ ഒരു നിമിഷം പോലും തുടരരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഏജന്റായിരുന്നു ഗ്യാനേഷ് കുമാറെന്ന് തെളിഞ്ഞതായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ബിജെപിക്ക് കച്ചവടം ചെയ്തതായും അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ജനാധിപത്യബോധം എന്നിവയെല്ലാം ഗ്യാനേഷ് കുമാർ അട്ടിമറിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷനെ സംഘ്പരിവാറിന്റെ തൊഴുത്തിൽ കെട്ടിയ ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാറെന്നായിരുന്നു വിമർശനം. ബിജെപിയുമായി പരസ്പര സഹകരണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായി തിരഞ്ഞെടുപ്പ് കമ്മീഷനെ അധഃപതിപ്പിച്ച ഗ്യാനേഷ് കുമാർ ഇനിയും സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ കളങ്കപ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *