കോട്ടയം: എംജി സർവകലാശാലയിലെ മാധ്യമനിയന്ത്രണവുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു. മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആവശ്യപ്പെട്ടു. സർവകലാശാലകളിൽ ഏകാധിപത്യ നടപടികൾ അനുവദിക്കില്ലെന്നും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ഏറ്റുമാനൂർ എംഎൽഎ നാട്ടകം സുരേഷും വിമർശനവുമായി രംഗത്തെത്തി.
മാപ്പുകൾ കാണുക
അതേസമയം, മാധ്യമവിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി എംജി സർവകലാശാലയും രംഗത്തെത്തി. മാധ്യമപ്രവർത്തകരെ സർവകലാശാലയിൽ പ്രവേശിക്കുന്നതിൽനിന്നോ വാർത്തകൾ ശേഖരിക്കുന്നതിൽനിന്നോ വിലക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വൈസ് ചാൻസലറുടെ അനുമതിയില്ലാതെ സർവകലാശാലയിലെ ഓഫീസുകളിൽ പ്രവേശിച്ച് ദൃശ്യങ്ങളും പ്രതികരണങ്ങളും ശേഖരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണ നിർദേശം നൽകിയതെന്നും സർവകലാശാല അറിയിച്ചു.
അനുമതിയില്ലാതെ വാർത്തകൾ ശേഖരിക്കുന്നത് സർവകലാശാലയുടെ അക്കാദമിക് അന്തരീക്ഷത്തെയും പഠന-പരീക്ഷാ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. ക്യാമ്പസിനുള്ളിൽ ചിലർ നടത്തുന്ന അനൗദ്യോഗിക പ്രതികരണങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക നിലപാടായി തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യവുമുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ളതുപോലെയുള്ള പ്രവേശന ക്രമീകരണം മാത്രമാണ് ലക്ഷ്യമെന്നും വിശദീകരണത്തിൽ പറയുന്നു.
മാധ്യമപ്രവർത്തകർക്ക് വാർത്ത ശേഖരിക്കുന്നതിനും ഔദ്യോഗിക പ്രതികരണങ്ങൾ തേടുന്നതിനും തടസ്സമില്ലെന്നും സർവകലാശാല വ്യക്തമാക്കി. ഇതിനായി പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) മുഖേന മുൻകൂട്ടി അറിയിച്ച് അനുമതി തേടണം. മാധ്യമപ്രവർത്തകർക്ക് ആവശ്യമായ സഹായങ്ങൾ പിആർഒ ഓഫീസ് വഴി ലഭ്യമാക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.
ജനാധിപത്യപരമായി അനുവദനീയമായ എല്ലാ സ്വാതന്ത്ര്യങ്ങളെയും സർവകലാശാല പൂർണമായും ബഹുമാനിക്കുന്നുവെന്നും സമാധാനപരമായ അക്കാദമിക് അന്തരീക്ഷം നിലനിർത്താൻ മാധ്യമപ്രവർത്തകരുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.