ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിലൂടെയും ബുക്ക് ചെയ്യാം, അരവണയും പ്രസാദവും സ്‌പീഡ് പോസ്റ്റായി വീട്ടിലെത്തും

പത്തനംതിട്ട: സ്‌പീഡ് പോസ്റ്റിലൂടെ പ്രസാദവും അരവണയും വീടുകളിലെത്തിക്കുന്നതിന് പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടറും പാഴ്‌സൽ ബുക്കിംഗ് സൗകര്യവും ഒരുക്കുന്നതിനായി ഇന്ത്യാ പോസ്റ്റും ദേവസ്വം ബോർഡും കരാറിൽ ഒപ്പിട്ടു. ഇതിലൂടെ രാജ്യത്തെവിടെയും അരവണയും പ്രസാദവും പാഴ്‌സലായി അയക്കാൻ സാധിക്കും.

സന്നിധാനത്ത് ദേവസ്വത്തിന്റെ അരവണ, അപ്പം കൗണ്ടറുകൾക്ക് സമീപത്തായിരിക്കും 'സ്വാമി പ്രസാദം' കൗണ്ടർ പ്രവർത്തിക്കുക. പ്രസാദം ബുക്ക് ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി പാക്ക് ചെയ്ത് രാജ്യത്തെവിടെയും എത്തിക്കുകയും ചെയ്യാം. ഭക്തർ ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴേക്കും പാഴ്‌സൽ വീടുകളിലെത്തുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

സന്നിധാനത്തെ കൗണ്ടറിന് പുറമെ ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും പ്രസാദവും അരവണയും സ്‌പീഡ് പോസ്റ്റ് പാഴ്‌സലായി ബുക്ക് ചെയ്യാൻ സാധിക്കും. ഇക്കൊലത്തെ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറക്കുന്നതിനൊപ്പം അടുത്ത ആഴ്‌ച പ്രത്യേക പാഴ്‌സൽ ബുക്കിംഗ് കേന്ദ്രവും പ്രവർത്തനമാരംഭിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *