തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന്റെ ഭൂമി നാളെ അളന്ന് തിട്ടപ്പെടുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാറിന് നിർദേശം നൽകി. നാളെ രാവിലെ 10 മണിക്കാണ് സർവേ.
സർവകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികൾ സർവേയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ അധികൃതർ കേരള സർവകലാശാല രജിസ്ട്രാർക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും നോട്ടീസ് നൽകി.
കേരള സർവകലാശാലയുടെ ഭൂമി എകെജി സെന്ററിനായി അനുവദിച്ചെങ്കിലും പിന്നീട് അത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഭൂമി അളക്കാൻ നിർദേശിച്ചത്. ഭൂമി സർവകലാശാലയ്ക്ക് തിരികെ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.