ഓക്‌ലന്റ്: ന്യൂസിലന്റിനെതിരേ നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര സൗഹൃദഫുട്‌ബോളില്‍ അഞ്ചുഗോളുകള്‍ക്ക് തോല്‍വി. ആദ്യപകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ വഴങ്ങിയ ഇന്ത്യ രണ്ടാം പകുതിയില്‍ രണ്ടുഗോളുകള്‍ കൂടി അനുവദിച്ചു. ജസ്സി റന്‍ഡാല്‍ ഇരട്ടഗോളുമായി തിളങ്ങിയപ്പോള്‍ ക്രിസ്‌വുഡും ബെയ്‌ലിസും ഓരോഗോള്‍ നേടി. ബിജോയ് വര്‍ഗ്ഗീസിന്റെ അബദ്ധം അവര്‍ക്ക് ഒരു സെല്‍ഫ്‌ഗോളും നല്‍കി.
കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ന്യുസിലന്റ് ആദ്യഗോള്‍ നേടി. ഇന്ത്യന്‍ പ്രതിരോധതാരങ്ങളുടെ അബദ്ധമായിരുന്നു ഗോളില്‍ കലാശിച്ചത്. ന്യൂസിലന്റ് മുന്നേറ്റത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതിനിടയില്‍ റെന്‍ഡലിന്റെ ഒരു ഷോട്ട് കീപ്പര്‍ വിശാല്‍ കെയ്ത്ത് തടഞ്ഞു. ഇത് പരംവീര്‍ ക്ലീയര്‍ ചെയ്യുന്നതിനിടയില്‍ ബിജോയ് വര്‍ഗ്ഗീസിന്റെ ദേഹത്ത് തട്ടി സ്വന്തം വലയില്‍ കയറി.
32 ാം മിനിറ്റില്‍ റന്‍ഡല്‍ തന്നെ ടീമിന്റെ രണ്ടാം ഗോളും കണ്ടെത്തി. തന്റെ തന്നെയൊരു നീക്കത്തില്‍ നിന്നുണ്ടായ ഡിഫ്‌ളക്ഷനായിരുന്നു ഈ ഗോള്‍. ആദ്യപകുതിക്ക് പിരിയുന്നതിന് തൊട്ടുമുമ്പായിരുന്നു ന്യൂസിലന്റിന്റെ മൂന്നാമത്തെ ഗോള്‍. ന്യൂസിലന്റിന്റെ ഒരു മുന്നേറ്റം പരംവീര്‍ ഇന്റര്‍സെപ്റ്റ് ചെയ്തു. പക്ഷേ പന്തെത്തിയത് റാന്‍ഡലിന്റെ കാലിലായിരുന്നു. റാന്‍ഡലിന്റെ ഷോട്ട് ഇന്ത്യന്‍ പോസ്റ്റിന്റെ മൂലയിലേക്ക് കയറി.
മൂന്ന്‌ഗോളുമായി ആദ്യപകുതിക്ക് പിരിഞ്ഞു. രണ്ടാം പകുതിയില്‍ 57 ാം മിനിറ്റിലായിരുന്നു ന്യൂസിലന്റിന്റെ നാലാം ഗോള്‍. ന്യൂസിലന്റ് മുന്നേറ്റത്തിനൊടുവില്‍ എലിയട്ട് നല്‍കിയ ക്രോസ് ക്രിസ്‌വുഡിനെ ലക്ഷ്യമിട്ടായിരുന്നു. ബോക്‌സിലേക്ക് ഓടിക്കയറിയ വുഡിന്റെ ഹെഡ്ഡര്‍ ലക്ഷ്യംകണ്ടു. 74 ാം മിനിറ്റില്‍ വീണ്ടും ന്യൂസിലന്റ് ഗോളടിച്ചു. ലിയാം ഗിലിയന്റെ ഒരു മികച്ച ക്രോസ് എത്തിയത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബേയ്‌ലിസിലേക്കായിരുന്നു. തകര്‍പ്പന്‍ ഹാഫ്‌വോളി ഇന്ത്യന്‍ കീപ്പര്‍ക്ക് ഒരവസരവും നല്‍കിയില്ല. ന്യൂസിലന്റിന് വീണ്ടും അവസരം കിട്ടി.
എന്നാല്‍ 77 ാം മിനിറ്റില്‍ കിട്ടിയ ഈ പെനാല്‍റ്റി ഇന്ത്യന്‍ കീപ്പര്‍ വിശാല്‍ കെയ്ത്ത് രക്ഷപ്പെടുത്തി. ന്യൂസിലന്റ് സ്‌ട്രൈക്കര്‍ ഷെറിഡോണിനെ ആകാശ് മിശ്ര ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. എന്നാല്‍ ബില്‍ ടുളോമ എടുത്ത കിക്ക് വിശാല്‍ കെയ്ത് തട്ടി. പിന്നാലെ ടുളോമ ഗോളിലേക്ക് ഹെഡ് ചെയ്‌തെങ്കിലും കെയ്ത് പന്ത് കൈപ്പിടിയില്‍ ഒതുക്കി. പതിവ് നീലയ്ക്ക് പകരം ഇന്ത്യ കുങ്കുമ നിറത്തിലെ ജഴ്സിയിലാണ് ഇറങ്ങിയത്.