ഓസ്ലോ: വിസ റദ്ദാക്കി തന്റെ ഇന്ത്യയിലേയ്ക്കുള്ള യാത്ര തടഞ്ഞെന്ന ആരോപണവുമായി നോർവീജിയൻ മാദ്ധ്യമപ്രവർത്തക ഹെല്ലെ ലിംഗ്. ഹൈദരാബാദിൽ നടക്കുന്ന ഭാരത് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലേയ്ക്ക് വരാനിരിക്കുകയായിരുന്നു ഹെല്ലെ. എന്നാൽ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെടുന്നതിന് 10 മിനിറ്റ് മുൻപ് വിസ റദ്ദാക്കിയതായി ഓസ്ലോയിലെ ഇന്ത്യൻ എംബസി അറിയിച്ചതായി അവർ ആരോപിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് ഹെല്ലെയുടെ വെളിപ്പെടുത്തൽ.
കോൺഗ്രസ് നേതൃത്വത്തിലുള്ള തെലങ്കാന സർക്കാർ ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന ഭാരത് ഉച്ചകോടിയിൽ മാദ്ധ്യമസ്വാതന്ത്ര്യത്തെയും മാദ്ധ്യമങ്ങളുടെ ഭാവിയെക്കുറിച്ചും സംസാരിക്കാനായിരുന്നു ഇവർക്ക് ക്ഷണം ലഭിച്ചിരുന്നത്. വിസ ലഭിച്ചിരുന്നതായും എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് വിസ റദ്ദാക്കിയതെന്നും ഹെല്ലെ ആരോപിച്ചു. ഇന്ത്യയിലേയ്ക്ക് പ്രവേശനം നിഷേധിച്ചതിന്റെ കൃത്യമായ കാരണം ഇന്ത്യ നൽകിയിട്ടില്ലെന്നും, തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്നും അവർ കൂട്ടിച്ചേർത്തു.
2026 മേയിൽ നോർവെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാദ്ധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ചോദ്യം ചോദിച്ചതാകാം ഇതിന് പിന്നിലെന്നാണ് ഹെല്ലെയുടെ ആരോപണം. മോദിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും വിമർശിച്ച് ലേഖനങ്ങൾ എഴുതിയതും, വ്യവസായികളായ അദാനിയെയും അംബാനിയെയും വിമർശിച്ചതും വിലക്കിന് കാരണമായിട്ടുണ്ടാകാമെന്നും അവർ കൂട്ടിച്ചേർത്തു. കോക്രോച്ച് ജനതാ പാർട്ടിയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചതും സ്ഥാപകൻ അഭിജീത് ദീപ്കെയുമായി നടത്തിയ അഭിമുഖവും ഇതിന് പിന്നിലെ കാരണമാകാമെന്നും അവർ വിമർശിച്ചു.
ഹൈദരാബാദിലെ പരിപാടിയിൽ തന്റെ ചർച്ച നടക്കാൻ രണ്ടുദിവസം കൂടി ബാക്കിയുണ്ടെന്നും ഇന്ത്യൻ സർക്കാർ തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹെല്ലെ ലിംഗ് കൂട്ടിച്ചേർത്തു. 'പന്ത് ഇപ്പോൾ നിങ്ങളുടെ കോർട്ടിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ത് ചെയ്യും?' എന്നും അവർ ചോദിച്ചു. അതേസമയം ഹെല്ലെയുടെ ആരോപണത്തോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയമോ വിദേശകാര്യ മന്ത്രാലയമോ എംബസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
നോർവേയിലെ പ്രമുഖ പത്രമായ 'ഡാഗ്സാവിസെൻ' ലെ മാദ്ധ്യമപ്രവർത്തകയാണ് ഹെല്ലെ ലിംഗ്. മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നോർവേ സന്ദർശിച്ച വേളയിൽ, പത്രസമ്മേളനത്തിനിടയിൽ മാദ്ധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഹെല്ലെ മോദിയോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. മോദി ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്നതും പിന്നാലെ ഇവർ തർക്കിച്ചതും വലിയ വിവാദമായിരുന്നു. ഇത് പിന്നീട് ചർച്ചയാവുകയും സമൂഹമാദ്ധ്യമങ്ങളിൽ ഹെല്ലെക്കെതിരെ സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും കാരണമാകുകയും ചെയ്തിരുന്നു.