ലക്‌നൗ: 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ച് അസദുദ്ദീൻ ഒവൈസിയും ചന്ദ്രശേഖർ ആസാദും. ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ് – ഇ- ഇത്തേഹാദുൽ മുസ്ളീമീൻ (എഐഎംഐഎം) പാർട്ടിയും ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായി സഖ്യരൂപീകരണത്തിന് കൈകൊടുക്കുന്നത്.
രണ്ട് പാർട്ടികളും ചേർന്ന് 'സമാജിക് പരിവർത്തൻ മോർച്ച' എന്ന പേരിലാണ് സഖ്യം രൂപീകരിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് നേതാക്കൾ അറിയിച്ചത്. ചന്ദ്രശേഖർ ആസാദ് ആയിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നും അറിയിച്ചിട്ടുണ്ട്. ലക്നൗവിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് നേതാക്കൾ പുതിയ മുന്നണി പ്രഖ്യാപിച്ചത്. ബിജെപി മൂന്നാമതും അധികാരത്തിൽ വരുന്നത് പുതിയ മുന്നണി തടയുമെന്ന് ഒവൈസി പ്രഖ്യാപിച്ചു. നവംബർ 26ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഒവൈസി ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു.
2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 255 സീറ്റുകളാണ് നേടിയത്. സമാജ്‌വാദി പാർട്ടി 111 സീറ്റുകൾ നേടി. ബഹുജൻ സമാജ് പാർട്ടിക്ക് (ബിഎസ്‌പി) ഒരു സീറ്റിൽ മാത്രമായി ഒതുങ്ങേണ്ടി വന്നു. കോൺഗ്രസിന് രണ്ട് സീറ്റുകൾ നേടാനായി. 2022ലെ തിരഞ്ഞെടുപ്പിൽ 95 സീറ്റുകളിൽ മത്സരിച്ച എഐഎംഐഎമ്മിന് ഒരിടത്തും വിജയിക്കാനായില്ല. ഏകദേശം 0.49 ശതമാനം വോട്ടുകൾ മാത്രമാണ് അവർക്ക് നേടാനായത്. ആസാദ് സമാജ് പാർട്ടിക്കും അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല.