കൊച്ചി: ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ച് യാത്ര ചെയ്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം. ലൈസൻസ് സസ്പെൻഷനും പിഴയ്ക്കും പുറമെ അഞ്ചുപേരുടെയും മാതാപിതാക്കൾ ബോധവത്കരണ ക്ളാസിന് ഹാജരാകണമെന്നാണ് നിർദേശം. തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെയാണ് അഞ്ചുപേരും ഒരു സ്കൂട്ടറിൽ യാത്ര ചെയ്തത്.
തൃക്കാക്കരയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളാണ് അഞ്ചുപേരും. ഇവരെ ഇന്നലെ ആർടി ഓഫീസിൽ വിളിച്ചുവരുത്തി. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസും നൽകി. രണ്ടിൽ കൂടുതൽ പേരെ സ്കൂട്ടറിൽ കയറ്റിയതിന് ഉടമ 1000 രൂപയും ഹെൽമറ്റ് ധരിക്കാത്തതിന് മൂന്നുപേർ 500 രൂപ വീതം പിഴയും അടയ്ക്കണം. അഞ്ച് വിദ്യാർത്ഥികളും രക്ഷിതാക്കൾക്കൊപ്പം ബോധവത്കരണ ക്ളാസിൽ പങ്കെടുക്കുകയും വേണം.