കണ്ണൂര്‍: വൈദേകം ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദങ്ങളില്‍ നിയമനടപടികളുമായി ഇ.പി. ജയരാജന്. റിസോര്‍ട്ട് നിക്ഷേപ ആരോപണങ്ങള്‍ ഉന്നയിച്ച ആള്‍ക്കും വാര്‍ത്ത പുറത്തുവിട്ട മാധ്യമത്തിനും എതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിയമനടപടി. പരസ്യമായി മാപ്പു പറയണമെന്നും വക്കീല്‍നോട്ടീസില്‍ പറയുന്നു.
തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് സഹോദരിയുടെ മകന് ഇ.പി. ശ്യാംജിത്തിനും വാര്‍ത്ത നല്കിയ ചാനലിനും എതിരെയാണ് നടപടി. സി.എം.ആര്.എല്‍ എം.ഡിയുടെ പണമാണ് ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചത് എന്നായിരുന്നു ശ്യാംജിത്തിന്റെ പ്രധാന ആരോപണം. സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന ഒരാള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും, ഈ നിക്ഷേപത്തിന്റെ ഉറവിടത്തെക്കുറിച്ചും ഇയാള്‍ പരസ്യമായി സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.
ആരോപണങ്ങള്‍ വൈദേകം റിസോര്‍ട്ട് മാനേജ്മെന്റ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്യാംജിത്തിന്റെ ഭാര്യ ദീപയെ റിസോര്‍ട്ടിലെ ജോലിയില്‍ നിന്ന് പുറത്താക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ നടപടിയോടുള്ള പ്രതികാര ബുദ്ധിയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.