കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടുപേര്‍ കൂടി പോലീസ് പിടിയില്‍. വയനാട് സ്വദേശിനിയായ അമ്മു, സഞ്ജു എന്നിവരാണ് പിടിയിലായത്.
സ്പായില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി ഒക്ടോബര്‍ രണ്ടിന് ഇന്റര്‍വ്യൂവിനായി സ്പായില്‍ എത്തിയത്. തുടര്‍ന്ന്, രാത്രി ഓണ്‍ലൈന്‍ ടാക്‌സിയില്‍ ഓഫീസിലുള്ളവരെ പരിചയപ്പെടുത്താമെന്നു വിശ്വസിപ്പിച്ച് യുവതിയെ ഒരു ലോഡ്ജില്‍ എത്തിക്കുകയായിരുന്നു.
ഇവിടെവെച്ച് ബലമായി മദ്യവും മയക്കുമരുന്നും നല്‍കിയശേഷം ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നിവര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിറ്റേദിവസം രാവിലെ വയനാട് സ്വദേശിനിയും യുവതിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് സഞ്ജു സഹായം ചെയ്തുവെന്നാണ് കണ്ടെത്തല്‍. സ്പാ ഉടമയായ ശ്രീരാജിനെയും ജിത്ത് മാര്‍ട്ടിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒക്ടോബര്‍ മൂന്നിന് വൈകീട്ട് വീട്ടിലെത്തിയ യുവതി വിവരങ്ങള്‍ പറഞ്ഞതിനെത്തുടര്‍ന്ന് ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ മാനസികനില താളം തെറ്റിയ അവസ്ഥയിലാണെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.