ഗുജറാത്തില്‍ ആരംഭിച്ച് ദേശീയനേതൃത്തിലേക്ക് ; നരേന്ദ്ര മോദിയ്ക്ക് ഭരണത്തില്‍ 25 വര്‍ഷങ്ങള്‍: രാജ്യമൊട്ടാകെ ആഘോഷങ്ങളുമായി ബി.ജെ.പി.

ന്യൂഡല്‍ഹി: ഭരണതലത്തില്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ നേതൃത്വം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ സരോജിനി നഗറിലെ ശ്രീ വിനായക് മന്ദിറില്‍ പ്രാര്‍ത്ഥനയും ആരതിയും നടത്തിയാണ് അദ്ദേഹം ഭരണത്തിലെ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയായതിന്റെ ആഘോഷം നടത്തി യത്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥന നടത്തി. കൂടുതല്‍ അര്‍പ്പണ ബോധത്തോടെ രാജ്യത്തെ സേവിക്കുമെന്ന പ്രതി ജ്ഞ പുതുക്കി.

2001 ഒക്ടോബര്‍ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് മോദിയുടെ ഭരണനേതൃത്വത്തിലേക്കുള്ള രാഷ്ട്രീയ യാത്ര ആരംഭിക്കുന്നത്. 12 വര്‍ഷത്തിലേറെ അവിടെ തുടര്‍ന്ന അദ്ദേഹം, 2014-ല്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മാറുകയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. തുടര്‍ന്ന് 2019-ലും 2024-ലും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ അദ്ദേഹം, ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം തുടര്‍ച്ചയായി മൂന്ന് തവണ സര്‍ക്കാര്‍ നയിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി.

കാബിനറ്റ് യോഗത്തില്‍ മോദിയെ മന്ത്രിസഭ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞു. 'രാഷ്ട്രം ആദ്യം, പൗരന്‍ ആദ്യം' എന്ന തത്വത്തെയും, ജന്‍ധന്‍ അക്കൗണ്ടുകള്‍, ഭവന നിര്‍മ്മാണം, യു.പി.ഐ, ജി.എസ്.ടി, ദേശീയ സുരക്ഷാ നടപടികള്‍, സാങ്കേതിക മുന്നേറ്റങ്ങളായ ചന്ദ്രയാന്‍-3 തുടങ്ങിയ നേട്ടങ്ങളെയും മന്ത്രിസഭ അഭിനന്ദിച്ചു. ഇന്ത്യയെ 2047-ഓടെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ബി.ജെ.പി ഈ ആഘോഷങ്ങളെ എത്തിക്കുന്നത്.

കാല്‍നൂറ്റാണ്ടിന് ശേഷം, ബി.ജെ.പിയും എന്‍.ഡി.എ സഖ്യകക്ഷികളും രാജ്യത്തുടനീളം വിവിധ പരിപാടികളോടെ ഈ നാഴികക്കല്ല് ആഘോഷിക്കുന്നുണ്ട്. ബുധനാഴ്ച രാജ്യത്തുടനീളം ടോര്‍ച്ച് മാര്‍ച്ചുകള്‍, മോട്ടോര്‍സൈക്കിള്‍-സൈക്കിള്‍ റാലികള്‍, മോദിയുടെ രാഷ്ട്രീയ യാത്ര വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ബി.ജെ.പി പരിപാടിയുടെ ഭാഗമായി ബുധനാഴ്ച രാവിലെ ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബി.ജെ.പിയുടെ ആഘോഷങ്ങള്‍ മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള ഇരു ഘട്ടങ്ങളെയും ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഗുജറാത്തില്‍ ആരംഭിച്ച് പിന്നീട് ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ച സ്വാഗത് പരാതിപരിഹാര സംവിധാനം, ജ്യോതിഗ്രാം പദ്ധതി തുടങ്ങിയവ ഇതില്‍ എടുത്തുപറയുന്നു. സെപ്റ്റംബര്‍ 17-ന് മോദിയുടെ ജന്മദിനത്തില്‍ ആരംഭിച്ച ഒരു മാസം നീണ്ടുനില്‍ക്കുന്ന 'സേവ സങ്കല്‍പ്പ് അഭിയാന്‍' പരിപാടികളുടെ ഭാഗമായി രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, എക്‌സിബിഷനുകള്‍ എന്നിവ ബി.ജെ.പി സംഘടിപ്പിക്കുന്നുണ്ട്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയം കോംപ്ലക്‌സിലാണ് 'സേവ ജ്യോതി' പരിപാടി നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *