കോടികള്‍ മറയുന്ന വേള്‍ഡ് കപ്പ്: ബില്യണ്‍ ഡോളര്‍ കീശയിലാക്കാന്‍ ഫിഫ, ഇന്ത്യക്കും നേട്ടം

2023-26 കാലയളവിലെ ഫിഫയുടെ ആകെ വരുമാനം 1.24 ലക്ഷം കോടി രൂപ (13 ബില്യണ്‍ ഡോളര്‍) ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 85,200 കോടി രൂപയും (8.9 ബില്യണ്‍ ഡോളര്‍) 2026 ലോകകപ്പില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. സംപ്രേക്ഷണാവകാശം, ടിക്കറ്റ് വില്‍പ്പന, സ്പോണ്‍സര്‍ഷിപ്പ് എന്നിവയാണ് പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഫിഫ വന്‍ സാമ്പത്തിക ലാഭം പ്രതീക്ഷിക്കുമ്പോള്‍, ആതിഥേയ നഗരങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും സുരക്ഷ, ഗതാഗതം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി നല്ലൊരു തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്.
വരുമാനവര്‍ധന ഇപ്രകാരം
വരുമാന പ്രതീക്ഷ: 2023-26 കാലയളവില്‍ 13 ബില്യണ്‍ ഡോളര്‍ വരുമാനം ഫിഫ പ്രതീക്ഷിക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനവാണിത്. 2022 ഖത്തര്‍ ലോകകപ്പ് വരെയുള്ളതിനേക്കാല്‍ 72 ശതമാനം വര്‍ധന. 2015-18 കാലയളവിലെ വരുമാനത്തിന്റെ (6.4 ബില്യണ്‍ ഡോളര്‍) ഇരട്ടിയിലധികമാണിത്. ആകെ വരുമാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും (ഏകദേശം 8.9 ബില്യണ്‍ ഡോളര്‍) 2026 ലോകകപ്പിലൂടെയാണ് ലഭിക്കുന്നത്.
ഫിഫ വരുമാനം (2023-26) 1.24 ലക്ഷം കോടി രൂപ
2026 ലോകകപ്പില്‍ നിന്നുള്ള വരുമാനം 85,200 കോടി രൂപ
ഖത്തര്‍ ലോകകപ്പിന് ശേഷമുള്ള ഫിഫ റിസര്‍വ് 37,300 കോടി രൂപ
സംപ്രേക്ഷണാവകാശ വരുമാനം 38,300 കോടി രൂപ
സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം 17,200 കോടി രൂപ
ടിക്കറ്റ്, ഹോസ്പിറ്റാലിറ്റി 28,700 കോടി രൂപ
സംപ്രേക്ഷണാവകാശത്തിലൂടെയാണ് ഫിഫയുടെ വരുമാനത്തില്‍ ഏറെയും ലഭിക്കുന്നത്. അതേസമയം, ടിക്കറ്റ്, ഹോസ്പിറ്റാലിറ്റി എന്നിവയിലൂടെയും വന്‍ തുക സമാഹരിക്കാന്‍ കഴിയും.
സംപ്രേക്ഷണാവകാശം ($4 ബില്യണ്‍): മത്സരങ്ങളുടെ എണ്ണം 64-ല്‍ നിന്ന് 104-ലേക്ക് ഉയര്‍ന്നത് കൂടുതല്‍ തത്സമയ ഉള്ളടക്കം സൃഷ്ടിക്കാനും പരസ്യ അവസരങ്ങള്‍ക്കും അനുകൂല സാഹചര്യമൊരുക്കി.
ടിക്കറ്റ്, ഹോസ്പിറ്റാലിറ്റി: ($3 ബില്യണ്‍+): ടൂര്‍ണമെന്റ് വിപുലീകരണം, ഉയര്‍ന്ന ടിക്കറ്റ് നിരക്ക്, പ്രീമിയം ഹോസ്പിറ്റാലിറ്റി പാക്കേജുകള്‍ എന്നിവയിലൂടെ നല്ലൊരു തുക സമാഹരിക്കാന്‍ കഴിയും. ഫിഫ ആദ്യമായി അവതരിപ്പിച്ച ഔദ്യോഗിക ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്‌ഫോമിലൂടെയുള്ള കമ്മീഷനും ഇതില്‍ ഉള്‍പ്പെടുന്നു.
സ്പോണ്‍സര്‍ഷിപ്പ് ($1.8 ബില്യണ്‍): വടക്കേ അമേരിക്കന്‍ വിപണിയിലെ കോര്‍പ്പറേറ്റ് സാധ്യതകളും സൗദി അറേബ്യന്‍ ഊര്‍ജ ഭീമനായ അരാംകോയുമായുള്ള കരാറും സ്പോണ്‍സര്‍ഷിപ്പ് വരുമാനം കൂട്ടി.

ടൂര്‍ണമെന്റ് ഘടന
1998-ന് ശേഷം ആദ്യമായാണ് ടീമുകളുടെ എണ്ണത്തില്‍ വര്‍ധന (32ല്‍ നിന്ന് 48-ലേക്ക്) ഉണ്ടായത്. 39 ദിവസങ്ങളിലായി 16 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

അമേരിക്ക: 11 വേദികളിലായി 78 മത്സരങ്ങള്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള എല്ലാ പ്രധാന മത്സരങ്ങളും ഫൈനലും (ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം) അമേരിക്കയിലാണ്.

മെക്സിക്കോ: മൂന്നു വേദികളിലായി ഉദ്ഘാടന മത്സരം ഉള്‍പ്പെടെ 13 മത്സരങ്ങള്‍.

കാനഡ: രണ്ടു വേദികളിലായി 13 മത്സരങ്ങള്‍.

സാമ്പത്തിക ബാധ്യത
വരുമാനത്തിന്റെ ഭൂരിഭാഗവും ഫിഫയ്ക്ക് ലഭിക്കുമ്പോള്‍, നടത്തിപ്പ് ചെലവുകളുടെ ബാധ്യത ആതിഥേയ നഗരങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കുമാണ്.
കാനഡയിലെ ചെലവുകള്‍: പാര്‍ലമെന്ററി ബജറ്റ് ഓഫീസറുടെ കണക്ക് പ്രകാരം കാനഡയുടെ ആകെ ചെലവ് 1.066 ബില്യണ്‍ കനേഡിയന്‍ ഡോളറാണ്. ഓരോ മത്സരത്തിനും ഏകദേശം 82 മില്യണ്‍ കനേഡിയന്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
അമേരിക്കയിലെ നിക്ഷേപം: സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി അമേരിക്കന്‍ നികുതിദായകര്‍ ഏകദേശം 625 മില്യണ്‍ ഡോളര്‍ ചെലവാക്കുന്നു. മിക്ക സംഘാടന ചെലവുകളും നഗരങ്ങളാണ് വഹിക്കുന്നത്.
പ്രാദേശിക നേട്ടം
വ്യവസായം നേട്ടം
ഹോട്ടലുകള്‍/റെന്റലുകള്‍ സന്ദര്‍ശകര്‍, ടീമുകള്‍, മീഡിയ എന്നിവരുടെ താമസം
എയര്‍ലൈന്‍സ്/ഗതാഗതം നഗരങ്ങള്‍ക്കിടയിലുള്ള യാത്രകള്‍
റെസ്റ്റോറന്റുകള്‍/റീട്ടെയില്‍ ആരാധകരുടെ ചെലവഴിക്കല്‍
മീഡിയ/പരസ്യം ഫുട്‌ബോള്‍ അനുബന്ധ പരസ്യ ക്യാമ്പയിനുകള്‍
ടൂറിസം ബോര്‍ഡുകള്‍ നഗരങ്ങള്‍ക്ക് ലഭിക്കുന്ന ആഗോള ശ്രദ്ധ
ഇന്ത്യന്‍ വിപണിക്കും നേട്ടം
മത്സരങ്ങള്‍ വടക്കേ അമേരിക്കയിലാണെങ്കിലും ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകരുടെ വര്‍ധന വന്‍ വാണിജ്യ സാധ്യതകളാണ് മുന്നോട്ടുവെയ്ക്കുന്നത്.
ഉള്ളടക്ക ഉപഭോഗം: ലോകകപ്പ് അനുബന്ധ ഉള്ളടക്കം ഉപയോഗിക്കുന്നതില്‍ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ 90 ദിവസത്തിനുള്ളില്‍ 9.7 മില്യണ്‍ പേജ് വ്യൂകളാണ് ഇന്ത്യയില്‍ നിന്ന് രേഖപ്പെടുത്തിയത്.
പരസ്യദാതാക്കള്‍: ‘സീ’ ആണ് ഔദ്യോഗിക സംപ്രേക്ഷകര്‍. വാഹനങ്ങള്‍, എഫ്.എം.സി.ജി, ബാങ്കിംഗ്, ടെക്നോളജി മേഖലകളില്‍ നിന്നുള്ള നിരവധി പരസ്യദാതാക്കളെ ഇതിനകം തന്നെ അവര്‍ക്ക് കണ്ടെത്താനായി.
ടെലിവിഷന്‍ വിപണി: വലിയ സ്‌ക്രീനുള്ള ടെലിവിഷനുകളുടെ വില്‍പ്പനയില്‍ 15 മുതല്‍ 27 ശതമാനം വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ ഫുട്ബോള്‍ പ്രേമികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ വലിയ സ്‌ക്രീന്‍ ടിവികളുടെ വില്‍പ്പന ഇരട്ടിയായിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *