ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം; ഡൽഹിയിൽ 11 മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്കും (എസ്‌ഐ‌ആർ) വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയതിനും എതിരായി എഎപിയും വിദ്യാർത്ഥി സംഘടനകളും ഡൽഹിയിൽ നടത്തുന്ന പ്രതിഷേധങ്ങളെ തുടർന്ന്, രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ് തുടങ്ങിയ പ്രധാനപ്പെട്ട 11 ഡെൽഹി മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു. അതേസമയം, നാല് സ്റ്റേഷനുകളിൽ ഇന്റർചേഞ്ച് സൗകര്യം ലഭ്യമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

ആം ആദ്മി പാർട്ടി, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ), നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യു‌ഐ), ഇന്ത്യൻ യൂത്ത് കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിലാണ് ജന്തർ മന്തറിൽ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്.

വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയതിലും ഇലക്ടറൽ റോളുകളുടെ സ്പെഷ്യൽ ഇന്റസീവ് റിവിഷനിലും (എസ്‌ഐ‌ആർ) പ്രതിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ജൻപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്, രാജീവ് ചൗക്ക്, സേവ തീർത്ത്, മണ്ഡി ഹൗസ്, ലോക് കല്യാൺ മാർഗ്, ഐ.എൻ.എ , ചൗരി ബസാർ, രാമകൃഷ്ണ ആശ്രമം മാർഗ്, ന്യൂഡൽഹി എന്നീ സ്റ്റേഷനുകളിലെ പ്രവേശനവും പുറത്തുകടക്കലുമാണ് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് നിർത്തിവച്ചിരിക്കുന്നത്.

രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടറിയേറ്റ് എന്നീ സ്റ്റേഷനുകളിൽ ട്രെയിനുകൾ മാറിക്കയറുന്നതിനുള്ള സൗകര്യം തുടർന്നും ലഭ്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *