ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍: ജെപിസിക്ക് സുപ്രീം കോടതിയുടെ തിരിച്ചടി, കൂടിക്കാഴ്ച റദ്ദാക്കി

ഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസും മുതിർന്ന ജഡ്ജിമാരുമായി ഒക്ടോബർ ആറിന് നടത്താനിരുന്ന കൂടിക്കാഴ്ചയാണ് റദ്ദാക്കിയത്. തീരുമാനം സുപ്രീം കോടതി സെക്രട്ടറി ജനറൽ ജെപിസിയെ രേഖാമൂലം അറിയിച്ചു. ഭാവിയിൽ വിഷയവുമായി ബന്ധപ്പെട്ട് ഹർജി കോടതിയുടെ പരിഗണനയിൽ വരാനുള്ള സാധ്യതയുള്ളതിനാൽ കൂടിക്കാഴ്ച ഉചിതമല്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.

സുപ്രീം കോടതി ജഡ്ജിമാരെ കാണാനുള്ള ജെപിസിയുടെ നീക്കത്തെ അധികാര വിഭജനത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നേരത്തെ വിമർശിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്തരമൊരു യോഗം ഇതുവരെ നടന്നിട്ടില്ലെന്നും സിബൽ പറഞ്ഞിരുന്നു. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് വഴിയൊരുക്കുന്ന ‘ഭരണഘടന ബിൽ, 2024’, ‘കേന്ദ്രഭരണപ്രദേശ നിയമങ്ങൾ (ഭേദഗതി) ബിൽ, 2024’ എന്നിവയാണ് ജെപിസി പരിശോധിക്കുന്നത്.

ബിജെപി എംപി പി.പി. ചൗധരിയുടെ നേതൃത്വത്തിലുള്ള ജെപിസി ബില്ലുകളുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളുമായി ചർച്ചകൾ തുടരുകയാണ്. രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ, ഭരണഘടനാ വിദഗ്ധർ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവരുമായി സമിതി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഒരേസമയം തിരഞ്ഞെടുപ്പിന്റെ ഭരണഘടനാപരമായ വശങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി മുൻ ചീഫ് ജസ്റ്റിസുമാർ, മുൻ സുപ്രീം കോടതി ജഡ്ജിമാർ, മറ്റ് നിയമവിദഗ്ധർ എന്നിവരുമായും സമിതി നേരത്തെ കൂടിയാലോചന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *