ഗൾഫിൽ വിമാന സർവീസുകൾ തടസപ്പെടാൻ സാദ്ധ്യത, ആശങ്കയിൽ പ്രവാസികൾ; അവസാന മുന്നറിയിപ്പുമായി ഹൂതികൾ

റിയാദ്: സൗദി അറേബ്യൻ വ്യോമപാതയിലൂടെ സർവീസ് നടത്തുന്ന ആഗോള വിമാനക്കമ്പനികൾക്ക് അവസാന മുന്നറിയിപ്പ് നൽകി യെമനിലെ ഹൂതികൾ. സൗദി വ്യോമപാത തങ്ങളുടെ സൈനിക നടപടികളുടെ മേഖലയായി മാറിയിരിക്കുകയാണെന്നും ഇവിടെ സർവീസ് തുടരുന്ന വിമാനക്കമ്പനികൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീഅ മുന്നറിയിപ്പ് നൽകി. മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങൾക്ക് മുകളിലൂടെയുള്ള വ്യോമപാത ഈ മുന്നറിയിപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്നും ഹൂതികൾ അവകാശപ്പെട്ടു. മിസൈൽ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുകയും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്തതായി ഹൂതി സൈനിക വക്താവ് പറഞ്ഞു. എന്നാൽ ആക്രമണവുമായി ബന്ധപ്പെട്ട ഹൂതികളുടെ അവകാശവാദം സൗദി അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

റിയാദിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി സൗദി അധികൃതർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. സൗദിയിലെ മറ്റൊരു വിമാനത്താവളമായ അബ്ഹയിലും ആക്രമണമുണ്ടായതായി അധികൃതർ അറിയിച്ചു. രണ്ട് വിമാനത്താവളങ്ങളിലുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 30ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

സൗദിയിലെ വിമാനത്താവളങ്ങൾക്കും വ്യോമപാതയ്ക്കുമെതിരായ ഹൂതികളുടെ ഭീഷണി ശക്തമായ സാഹചര്യത്തിൽ വിമാന സർവീസുകളെ ഇത് ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. വിമാനങ്ങൾ റദ്ദാക്കൽ,​ വ്യോമപാത അടച്ചിടൽ,​ യാത്രാ തടസങ്ങൾ എന്നിവ ഉണ്ടാകാമെന്ന് സൗദിയിലെ യുഎസ് മിഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

യാത്രക്കാർ വിമാനക്കമ്പനികളുമായും വിമാനത്താവള അധികൃതരുമായും ബന്ധപ്പെട്ട് സർവീസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് സൗദി വ്യോമപാത ഒഴിവാക്കണമെന്ന ഹൂതികളുടെ മുന്നറിയിപ്പ് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *