കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഓങ്കോളജി ഐസിയുവിൽ എസി തകരാറിലായി. അതിനാൽ, കഴിഞ്ഞ രണ്ടാഴ്‌ചയായി ചൂട് സഹിക്കാനാവാതെ ദുരിതത്തിലാണ് ക്യാൻസർ രോഗികൾ. 16 കിടക്കകളുള്ള ഐസിയുവിൽ കീമോ ചെയ്‌തവർ ഉൾപ്പെടെയുണ്ട്. എസിക്ക് പകരം ഫാൻ വച്ചിട്ടുണ്ടെങ്കിലും ചൂട് സഹിക്കാനാവുന്നില്ലെന്നാണ് രോഗികൾ പറയുന്നത്.
എസിയുടെ കംപ്രസർ കേടായതാണെന്നും പുതിയതിന് ഓർഡർ നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് ഓങ്കോളജി ഐസിയു പ്രവർത്തിക്കുന്നത്. അതിനാൽ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികൾ വലിയ ദുരിതത്തിലായിരിക്കുകയാണ്. എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്നാണ് രോഗികളുടെ ബന്ധുക്കൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.