അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടി; ഡിസിപിയോട് അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതില്‍ പൊലീസിനോടു അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇന്നു രാവിലെ കവടിയാറിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പൈലറ്റ് വാഹനത്തിനു മുന്നില്‍ മറ്റൊരു പൊലീസ് വാഹനം കൂടി കണ്ടതോടെയാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്.

ഔദ്യോഗിക യാത്രയ്ക്ക് കൂടുതല്‍ വാഹനങ്ങള്‍ വിന്യസിക്കരുതെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. ചടങ്ങു നടന്ന സ്ഥലത്ത് കാറില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി അവിടെ നിന്നിരുന്ന ഡിസിപിയെ അടുത്തേക്ക് വിളിച്ചാണ് ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചത്. അതേസമയം, ആദ്യം പോയ വാഹനം ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ലെന്ന് ഡിസിപി മുഖ്യമന്ത്രിയെ അറിയിച്ചു. പരിപാടി സ്ഥലത്തേക്ക് എത്തേണ്ടിയിരുന്ന മ്യൂസിയം എസ്എച്ച്ഒയുടെ വാഹനമാണ് മുന്നില്‍ പോയതെന്നും പൊലീസ് അറിയിച്ചു.

മുന്‍മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നതു പോലെ നിരവധി വാഹനങ്ങളുടെ അകമ്പടി തനിക്കു വേണ്ടെന്ന് അധികാരമേറ്റപ്പോള്‍ തന്നെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ പൊലീസിനെ അറിയിച്ചിരുന്നു. അതേസമയം, യുവമോര്‍ച്ച പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ പൊലീസിനു വലിയ തലവേദനയായിരിക്കുകയാണ്. സുരക്ഷ വര്‍ധിപ്പിക്കാതെ തുടരാനാകില്ലെന്ന നിലപാടിലാണു പൊലീസ്. മിക്കയിടത്തും മന്ത്രിമാരുടെ വാഹനത്തിനു മുന്നിലേക്കു യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ ചാടിവീഴുന്ന നിലയാണുള്ളത്. ഇന്നലെ മന്ത്രിമാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തുന്ന സ്ഥിതിയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നചടങ്ങുകളിൽ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *