ന്യൂഡൽഹി: ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളുമായി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി കൂടിക്കാഴ്ച നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ തുടർനീക്കങ്ങൾ സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം ഇംപീച്ച് ചെയ്യണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.
ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാർ ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തിയാണ് പ്രവർത്തിക്കുന്നതെന്ന് എം എ ബേബി ആരോപിച്ചു. പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഭരണകക്ഷിയുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിനുള്ള കാര്യസ്ഥ പണിയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സാഹചര്യത്തിൽ ഇന്ത്യയിലെ ജനങ്ങളോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ പാർട്ടികൾ യോജിച്ച് മുന്നോട്ടുപോകണം. ഇതിന്റെ ഭാഗമായി അഞ്ച് ഇടതുപക്ഷ പാർട്ടികൾ പൊതുസമീപനം സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യാ ബ്ലോക്കിനും ഇതിൽ ഒരു ചുമതല നിർവഹിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിജെപി ഉൾപ്പെടെയുള്ള പാർട്ടികൾക്കാണ് താൻ കത്തയച്ചതെന്നും വിപുലമായ ബഹുജന പ്രസ്ഥാനം ഉയർന്നുവരണമെന്നും എം എ ബേബി പറഞ്ഞു.
അടുത്ത മാസം കോഴിക്കോട് സിപിഐഎം സംഘടിപ്പിക്കുന്ന ഇഡി വിരുദ്ധ പ്രതിഷേധ പരിപാടിയിലേക്ക് അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചതായും എം എ ബേബി അറിയിച്ചു. കെജ്‌രിവാളിനെ കേരളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ ദീർഘയാത്രയ്ക്ക് നിലവിൽ നിയന്ത്രണങ്ങളുള്ളതിനാൽ അദ്ദേഹത്തിന് പരിപാടിയിൽ പങ്കെടുക്കാനാകില്ല.
കെജ്‌രിവാളിനെക്കാൾ കൂടുതൽ ഇഡി വേട്ടയാടലിന് ഇരയായത് മനീഷ് സിസോദിയയാണെന്നും അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ബേബി പറഞ്ഞു. കെജ്‌രിവാൾ തന്റെ സന്ദേശം റെക്കോർഡ് ചെയ്ത് അയച്ചുതരാമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുമായി എം എ ബേബി ചർച്ച നടത്തിയിരുന്നു.