ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം. ചലോ ദില്ലി എന്ന മാർച്ചിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ ഒരുമിച്ചാണ് അണിനിരക്കുന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, പ്രിയങ്കാ ഗാന്ധി എം പി, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവരടങ്ങുന്ന നേതാക്കൾ പ്രത്യേകം സജ്ജമാക്കിയ ബസിലാണ് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നത്.
മൂന്ന് ബസുകളിലായാണ് പ്രവർത്തകർ പ്രതിഷേധ മാർച്ചിനെത്തുന്നത്. ബസിനൊപ്പം പ്രവർത്തകരും നടന്ന് മുദ്രാവാക്യങ്ങളുമായി മണ്ഡി ഹൗസിലേക്ക് നീങ്ങുന്നു. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് റാഫി മാർഗിൽക്കൂടി അശോക മാർഗ് കടന്ന് സുപ്രീം കോടതിയിൽ എത്തിച്ചേരാനാണ് നീക്കം. സുപ്രീം കോടതിയിലേക്ക് ഇന്ന് സമാധാനപരമായി മാര്‍ച്ച് നടത്തുമെന്ന് ഇന്നലെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ കണ്ട് നിവേദനം നൽകാൻ ഇന്ത്യാ സഖ്യം അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല. ചീഫ് ജസ്റ്റിസിനെ നേരിൽ കണ്ട് നിവേദനം നൽകാനാണ് ഇന്ത്യ സഖ്യത്തിന്റെ പദ്ധതി.
പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊലീസ് എവിടെ മാർച്ച് തടയുമോ അവിടെ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. നേതാക്കൾക്കൊപ്പം വലിയ തോതിൽ പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തുന്നുണ്ട്.