തിരുവനന്തപുരം: വിജിലൻസ് പരിശോധനയിൽ ഓഫീസിൽ പണം കണ്ടെത്തിയതിനെ തുടർന്ന് സ്ഥലംമാറ്റിയ ചാല സബ് രജിസ്ട്രാർക്ക് അതേ ഓഫീസിൽ വീണ്ടും നിയമനം. സബ് രജിസ്ട്രാർ രാജ് മാർട്ടിനെയാണ് രജിസ്ട്രേഷൻ ഐജിയുടെ ഉത്തരവിനെ തുടർന്ന് തിരികെ അതേ ഓഫീസിൽ നിയമിച്ചത്.
സെപ്തംബറിലാണ് വിജിലൻസ് ചാല രജിസ്ട്രാർ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിൽ റെക്കോർഡ് റൂമിൽ ഒളിപ്പിച്ച നിലയിൽ കണക്കിൽപ്പെടാത്ത 40000 രൂപ പിടികൂടിയത്. ഈ പണം എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് ഉത്തരം പറയേണ്ടത് സബ് രജിസ്ട്രാറായ രാജ് മാർട്ടിനായിരുന്നു. എന്നാൽ വിജിലൻസിനോട് പണത്തിന്റെ സ്രോതസുമായി ബന്ധപ്പെട്ട് മറുപടി പറയാൻ രാജ് മാർട്ടിന് കഴിഞ്ഞിരുന്നില്ല.
ഇതോടെയാണ് വകുപ്പ് തല നടപടി ആവശ്യപ്പെട്ടുകൊണ്ട് വിജിലൻസ് ഒരു റിപ്പോർട്ട് രജിസ്ട്രേഷൻ ഐജിക്ക് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാജ് മാർട്ടിന് ഉദുമയിലേയ്ക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. എന്നാൽ ഇന്ന് സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കികൊണ്ട് രാജ് മാർട്ടിനെ വീണ്ടും ചാല സബ് രജിസ്ട്രാർ ഓഫീസിൽ തന്നെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കുകയായിരുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നാണ് ഉയരുന്ന ആരോപണം.