ചൂടിന് ആശ്വാസമായി മഴ വരുന്നു,​ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഞായറാഴ്ച വരെ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 20 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ,​ കോട്ടയം,​ ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോട്ടയം,​ ഇടുക്കി,​ മലപ്പുറം,​ കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോട്ടയം,​ ഇടുക്കി,​ എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാദ്ധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരുംമണിക്കൂറിൽ തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഞായർ വരെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *