ജന്തർമന്ദറിൽ പ്രതിഷേധം ശക്തമാകുന്നു: എംഎ ബേബി അടക്കമുള്ളവരെ അറസ്റ്റുചെയ്തു

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്ഐ, എസ്എഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായി. ജന്തർമന്ദറിലെ പ്രതിഷേധ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വിലക്ക് ലംഘിച്ച് എത്തിയതോടെയാണ് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായത്.

സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി,​ മുതിർന്ന നേതാവ് വൃന്ദ കാരാട്ട്,​ എഎ റഹീം എംപി,​ ജെയ്ക് സി തോമസ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രദേശത്ത് 163 പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി.

കേരള ഹൗസ് വഴിയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചിട്ടുണ്ട്. സുരക്ഷമുൻനിർത്തി ഡൽഹിയിലെ പതിനൊന്ന് മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു. മേഖലയിൽ ഇന്റർനെറ്റ് സേവനം കട്ടുചെയ്തു. വനിതാ പൊലീസ് ഉൾപ്പെടെ അയ്യായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

അതേസമയം കോക്രോച്ച് ജനതാ പാർട്ടിയും ഇന്ത്യ സഖ്യവും പ്രഖ്യാപിച്ച സമരവും ഇന്ന് ആരംഭിക്കും. മുംബയിലെ ശിവാജി പാർക്കിലാണ് സിജെപിയുടെ സമരം. ജന്തർമന്ദറിൽ അനുമതി നൽകാത്തതിന് പിന്നാലെയാണ് മുംബയിൽ സമരം നടത്താൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *