ജി.എസ്‌.ടി. ഉദ്യോഗസ്‌ഥരുടെ അറസ്‌റ്റ്‌ അധികാരം റദ്ദാക്കി, നിര്‍ണായക തീരുമാനം

ന്യൂഡല്‍ഹി: ജി.എസ്‌.ടി. ലംഘനങ്ങളുടെ പേരില്‍ അറസ്‌റ്റ്‌ചെയ്യാന്‍ ജി.എസ്‌.ടി. ഉദ്യോഗസ്‌ഥര്‍ക്കുള്ള അധികാരം എടുത്തുകളയാന്‍ തീരുമാനം.

പ്രോസിക്യൂഷന്‍ നടപടികള്‍ക്കുള്ള കുറഞ്ഞ പരിധി ഒരു കോടി രൂപയില്‍നിന്ന്‌ 5 കോടിയായി ഉയര്‍ത്തും. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 57-ാമത്‌ ജി.എസ്‌.ടി. കൗണ്‍സില്‍ യോഗത്തിലാണ്‌ സുപ്രധാനതീരുമാനങ്ങള്‍. നികുതി വ്യവസ്‌ഥകളില്‍ ഇളവുകളും നടപടിക്രമങ്ങളില്‍ സുതാര്യതയും ലക്ഷ്യമിട്ടാണു മാറ്റങ്ങള്‍ കൊണ്ടുവരുന്നത്‌.

ജി.എസ്‌.ടി. നിയമത്തിലെ കുറഞ്ഞ ശിക്ഷയെന്ന വ്യവസ്‌ഥയും ഒഴിവാക്കി. ശിക്ഷ പിഴയോ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ എന്നത്‌ കേസിന്റെ സ്വഭാവമനുസരിച്ച്‌ കോടതിയുടെ വിവേചനാധികാരത്തിന്‌ വിട്ടു. പ്രത്യേക പിഴ വ്യവസ്‌ഥയില്ലാത്ത ജി.എസ്‌.ടി. ലംഘനങ്ങള്‍ക്കുള്ള പിഴത്തുക 25,000 രൂപയില്‍നിന്ന്‌ 10,000 രൂപയായി കുറയ്‌ക്കുകയും ചെയ്‌തു. വൈകി റിട്ടേണ്‍ സമര്‍പ്പിക്കുകയോ തെറ്റുകള്‍ വരുത്തുകയോ പണമടയ്‌ക്കാന്‍ വൈകുകയോ ചെയ്യുന്ന നികുതിദായകരില്‍നിന്ന്‌ കുടിശികത്തുകയും പലിശയും ആനുപാതിക പിഴയും മാത്രമായിരിക്കും ഇനിമുതല്‍ ഈടാക്കുക. അതിനപ്പുറമുള്ള നടപടികള്‍ ഉണ്ടാകില്ല.

വില്‍ക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും ഇന്‍വോയ്‌സുകള്‍ ഒത്തുനോക്കാനും വ്യാജ ക്രെഡിറ്റുകള്‍ കണ്ടെത്താനുമുള്ള സാങ്കേതിക ശേഷി ജി.എസ്‌.ടി. സിസ്‌റ്റം കൈവരിച്ചതും ഇളവുകള്‍ പ്രഖ്യാപിക്കാന്‍ വഴിയൊരുക്കി. കര്‍ക്കശമായ നികുതി വ്യവസ്‌ഥകള്‍ നീക്കി ബിസിനസ്‌ ചെയ്യുന്നത്‌ എളുപ്പമാക്കണമെന്ന്‌ ബിസിനസ്‌ മേഖലയില്‍നിന്ന്‌ ആവശ്യമുയരുകയും ചെയ്‌തിരുന്നു. ജി.എസ്‌.ടി. നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനേക്കാള്‍ ബിസിനസ്‌ ചെയ്യുന്നത്‌ എളുപ്പമാക്കുകയും ബാധ്യതകള്‍ കുറയ്‌ക്കുകയുംചെയ്യുന്ന പരിഷ്‌കാരങ്ങളിലാണ്‌ ജി.എസ്‌.സി. കൗണ്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന്‌ യോഗത്തിനുശേഷം കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ജി.എസ്‌.ടി. കൗണ്‍സില്‍ യോഗത്തിലെ

മറ്റ്‌ പ്രധാന തീരുമാനങ്ങള്‍:

10,000 രൂപയില്‍ താഴെയുള്ള തുകകള്‍ക്ക്‌ ഇനി നോട്ടീസുകള്‍ അയയ്‌ക്കില്ല. റിട്ടേണുകളിലെ വ്യത്യാസങ്ങള്‍ കാരണം പുറപ്പെടുവിക്കുന്ന നോട്ടീസുകളില്‍ ഭൂരിഭാഗവും ഡാറ്റാ എന്‍ട്രി തെറ്റുകള്‍ മാത്രമാണെന്നും ഇവയിലൂടെ ലഭിക്കുന്നത്‌ 0.08% തുക മാത്രമാണെന്നുമാണ്‌ കൗണ്‍സിലിന്റെ വിലയിരുത്തല്‍.

റീഫണ്ട്‌ അപേക്ഷകള്‍ക്ക്‌ അക്‌നോളഡ്‌ജ്‌മെന്റ്‌ നല്‍കുന്നതിനുള്ള സമയപരിധി 15 ദിവസത്തില്‍ നിന്ന്‌ 10 ദിവസമായി കുറച്ചു. പ്രശ്‌നസാധ്യത കുറഞ്ഞ 90% റീഫണ്ട്‌ അപേക്ഷകള്‍ക്കും ഉദ്യോഗസ്‌ഥരുടെ ഇടപെടലില്ലാതെ സിസ്‌റ്റം വഴി 3 പ്രവൃത്തിദിവസത്തിനുള്ളില്‍ അനുമതി നല്‍കും.

കാഷ്‌ ലെഡ്‌ജറിലെ അധിക തുകയുടെ റീഫണ്ട്‌ പൂര്‍ണമായും ഓട്ടോമാറ്റിക്കായി അക്കൗണ്ടിലെത്തും.

അന്തര്‍സംസ്‌ഥാന ചരക്കുവാഹനങ്ങള്‍ നിര്‍ത്തി പരിശോധിക്കുന്നത്‌ വ്യക്‌തമായ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ മാത്രമായിരിക്കും. ഇതിന്‌ ജോയിന്റ്‌ കമ്മിഷണറില്‍ കുറയാത്ത ഉദ്യോഗസ്‌ഥന്റെ അനുമതി വേണം. ചരക്ക്‌ പുറപ്പെടുന്ന സംസ്‌ഥാനത്തും എത്തുന്ന സംസ്‌ഥാനത്തും മാത്രമേ പരിശോധന ഉണ്ടാകൂ. വഴിമധ്യേയുള്ള സംസ്‌ഥാനങ്ങള്‍ക്ക്‌ വാഹനം തടയാന്‍ അധികാരമുണ്ടാകില്ല.

സ്‌ഥാപനത്തിന്റെ പേര്‌, ഡയറക്‌ടര്‍മാര്‍, വിലാസം തുടങ്ങിയ പതിവ്‌ തിരുത്തലുകള്‍ക്ക്‌ ഉദ്യോഗസ്‌ഥരുടെ അനുമതിയില്ലാതെ സിസ്‌റ്റം വഴി ഓട്ടോമാറ്റിക്കായി അംഗീകാരം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *