തിരുവനന്തപുരം: തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്‌പ്രസിൽ ഇനിമുതൽ ജനറൽ കമ്പാർട്ട്‌മെന്റിൽ കൂടുതൽ പേർക്ക് ഇരുന്ന് യാത്രചെയ്യാം. 220 പേർക്ക് ഇരിക്കാവുന്നതും 50 മുതൽ 70 പേർക്ക് നിൽക്കാവുന്ന തരത്തിലും യാത്രചെയ്യുന്നതിനുള്ള പുത്തൻ കോച്ചുകളുമായാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
ഇന്നലെമുതലാണ് പുതിയ സീറ്റുകൾ ട്രെയിനിന്റെ ജനറൽ സിറ്റിംഗ് കോച്ചുകളിൽ ഉൾപ്പെടുത്തിയത്. 10 കോച്ചുകളാണ് ഇന്നലെ മാറിയത്. ഇതോടെ നേരത്തെ 108 പേർക്ക് ഇരുന്നും 42 പേർക്ക് നിന്നും യാത്ര ചെയ്യാവുന്നത് ഇപ്പോൾ ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്.
വേണാട് എക്‌സ്‌പ്രസിലെ ദുരിതയാത്രയെക്കുറിച്ച് കഴിഞ്ഞയാഴ്‌ച വാർത്തകൾ പുറത്തുവന്നിരുന്നു. തുടർന്ന് ഇതിന് അറുതിയാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കിയിരുന്നു. ട്രെയിനിൽ സാധാരണ തിരക്കുള്ള എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. വൈകിട്ട് നാല് മണിയ്‌ക്ക് എറണാകുളത്ത് നിന്നും കൊല്ലത്തേക്കുള്ള ട്രെയിനിന്റെ സർവീസ് പത്ത് ദിവസത്തിനകം ആരംഭിക്കുമെന്നായിരുന്നു സൂചന.
അതേസമയം, ജനശതാബ്ദി ട്രെയിനുകളിൽ പുഷ്ബാക്ക് സീറ്റ് തിരിച്ചെത്തുമെന്ന് റെയിൽവേ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിലെ കോച്ചുകളാവും ആദ്യം മാറ്റുക. രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയിലെ സെക്കൻഡ് സിറ്റിംഗ് കോച്ചുകളും മാറ്റും.
പഴയ ഐ.സി.എഫ് കോച്ചിൽ പുഷ്ബാക്ക് സീറ്റായിരുന്നു. ജനശതാബ്ദി എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറിയതോടെയാണ് നോൺ എ.സി കോച്ചുകളിലെ സീറ്റും മാറിയത്. മെമു ട്രെയിനുകളിലെ സീറ്റുകൾക്ക് സമാനമായി ചരിവില്ലാത്ത സീറ്റുകളാണ് പുതിയ കോച്ചിലുള്ളത്. ഇത് യാത്രക്കാർക്ക് നടുവേദനയ്ക്കും മറ്റ് ബുദ്ധിമുട്ടുകൾക്കും ഇടയാക്കിയതോടെ ബുക്കിംഗ് കുറഞ്ഞിരുന്നു. ബക്കറ്റ് സീറ്റുകളുള്ള ജനശതാബ്ദിയുടെ ചിത്രം ദക്ഷിണ റെയിൽവേ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.