തിരുവനന്തപുരം: ബിജെപിയിൽനിന്ന് രാജിവെച്ചെന്ന വാർത്തകൾ തള്ളി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ജീവിതാന്ത്യം വരെ ബിജെപിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി തുടരുമെന്ന് ശ്രീലേഖ വ്യക്തമാക്കി. ആരോഗ്യസ്ഥിതി പൂർണമായി മെച്ചപ്പെടാത്തതിനാലാണ് ഇതുവരെ മുഖ്യധാരാ മാധ്യമങ്ങളോട് സംസാരിക്കാൻ കഴിയാതിരുന്നതെന്നും തിങ്കളാഴ്ച മുതൽ വീണ്ടും പൊതുസേവനത്തിൽ സജീവമാകുമെന്നും അവർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. താൻ പാർട്ടി വിട്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ശ്രീലേഖ വ്യക്തമാക്കി.
ആശുപത്രിയിലായിരുന്നതിനാൽ തനിക്കെതിരെ പ്രചരിച്ച വാർത്തകളൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നും എന്നാൽ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിനാലാണ് സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. ബിജെപിയിൽ അംഗത്വമെടുത്ത കാലം മുതൽ മാധ്യമങ്ങളിൽനിന്ന് വിമർശനങ്ങൾ നേരിടുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് സമയത്ത് ഇത് വർധിച്ചെന്നും അവർ ആരോപിച്ചു. ബിജെപിയിൽനിന്ന് രാജിവെച്ചെന്നോ മറ്റൊരു പാർട്ടിയിൽ ചേർന്നെന്നോ ഉള്ള വാർത്തകൾ ശരിയല്ലെന്നും വ്യക്തമാക്കി.
ബിജെപിയുടെ അഭിമാനമുള്ള അംഗമായി മരണംവരെ തുടരുമെന്നും മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ശ്രീലേഖ പറഞ്ഞു. ബിജെപിയെ നല്ല ആദർശങ്ങളുള്ളതും രാഷ്ട്രസേവനത്തിനായി പ്രവർത്തിക്കുന്നതുമായ വലിയ പാർട്ടിയായാണ് താൻ കാണുന്നതെന്നും അതിൽ അംഗമായിരിക്കുന്നത് അഭിമാനകരമാണെന്നും അവർ യൂട്യൂബ് വീഡിയോയിൽ പറഞ്ഞു. പാർട്ടി അംഗത്വമെടുത്ത് രണ്ട് വർഷം മാത്രമായെങ്കിലും സംസ്ഥാന വൈസ് പ്രസിഡന്റായും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
ബിജെപി കോർപ്പറേഷൻ ഭരണത്തിലെത്തിയിട്ടും തന്നെ മേയറാക്കാത്തതിൽ പിണക്കത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നതായും ശ്രീലേഖ ചൂണ്ടിക്കാട്ടി. എന്നാൽ, അത്തരം വാർത്തകളിൽ വസ്തുതയില്ലെന്നും മേയറെയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുത്ത സമിതിയിൽ താനും അംഗമായിരുന്നുവെന്നും അവർ വ്യക്തമാക്കി. താൻ കോൺഗ്രസിലേക്ക് പോകുമെന്ന പ്രചാരണവും അസംബന്ധമാണെന്ന് പറഞ്ഞ ശ്രീലേഖ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ വിശ്വാസവും ബിജെപിയോടുള്ള പ്രതിബദ്ധതയും ആവർത്തിച്ചു.
കടുത്ത ജോലിസമ്മർദം കാരണം ശാരീരികമായി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്നും ഞായറാഴ്ചകളിൽ പോലും വിശ്രമമില്ലാതെ പ്രവർത്തിക്കേണ്ടിവന്നിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. വാർഡിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 30ന് മേയർക്ക് കത്തയച്ചിരുന്നു. ഇതിന്റെ പകർപ്പ് ജില്ലാ കലക്ടർക്കും നൽകിയിരുന്നു. മേയറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും കലക്ടർക്ക് ഇടപെടാൻ കഴിയുന്നതുമായ നിരവധി വിഷയങ്ങൾ കത്തിലൂടെ ഉന്നയിച്ചിരുന്നുവെന്നും അവ പരിഹരിക്കപ്പെട്ടില്ലെങ്കിൽ കൗൺസിലറായി തുടരാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും രാജിവെക്കാൻ തയ്യാറാണെന്നും അറിയിച്ചിരുന്നതായും അവർ വ്യക്തമാക്കി.
ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് രണ്ട് മാസത്തെ അവധിയെടുക്കാൻ ഡോക്ടർ നിർദേശിച്ചിരുന്നുവെന്നും എന്നാൽ അത് കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നതിനാൽ പാർട്ടി പ്രവർത്തകയായി മാത്രം തുടരുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. എന്നാൽ, രാജിവെക്കാനുള്ള തീരുമാനത്തിൽനിന്ന് പാർട്ടിയുടെ ഉന്നത നേതാക്കൾ തന്നെ പിന്തിരിപ്പിച്ചെന്നും അവർ വെളിപ്പെടുത്തി. നിലവിൽ ബിജെപിയിൽ തുടരാനാണ് തീരുമാനമെന്നും തിങ്കളാഴ്ച മുതൽ പൊതുസേവനരംഗത്ത് വീണ്ടും സജീവമാകുമെന്നും ശ്രീലേഖ അറിയിച്ചു.