അൽ അമെറാത്ത് : അണ്ടർ 19 ഏഷ്യാ കപ്പിൽ ഗ്രൂപ്പ് എയിലെ മത്സരത്തിൽ യു.എ.ഇയെ 70 റൺസിന് കീഴടക്കി ഇന്ത്യ സെമി ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ ആര്യവീർ സെവാഗിന്റെ സെഞ്ച്വറിയുടെ മികവിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 309 റൺസെടുത്തു. മറുപടിക്കിറങ്ങിയ യു.എ.ഇ പൊരുതിയെങ്കിലും 50 ഓവറിൽ 239 റൺസിന് ഓൾഔട്ടായി.
മസ്കറ്റിലെ അൽ അമെറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി പിതാവിന്റെ പാരമ്പര്യം കാക്കുന്ന പ്രകടനവുമായി സാക്ഷാൽ വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ നിറഞ്ഞാടുകയായിരുന്നു. 168 പന്തിൽ 17 ഫോറും 7 സിക്സും ഉൾപ്പെടെ 160 റൺസെടുത്ത് ആര്യവീർ ഇന്ത്യയുടെ മാച്ച് വിന്നറായി. പിതാവിന്റെ ശൈലിയിൽ നിന്ന് വ്യത്യസ്തമായി തന്റെ ഐക്കണായ വിര്ട് കൊഹ്ലിയെ പോലെ കരുതലോടെ തുടങ്ങി കത്തിക്കയറുകയായിരുന്നു യു.എ.ഇക്കെതിരെ ആര്യവീർ. അർദ്ധ സെഞ്ച്വറി നേടിയ വി.കെ വിനീതും ( 69 പന്തിൽ 67) ഇന്ത്യയ്ക്ക് ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകി.
ശ്രദ്ധയോടെ തുടങ്ങിയ ആര്യവീറും ക്യാപ്ടൻ ലക്ഷ്യ റായ്ചന്ദാനിയും (17) 13.5 ഓവറിൽ 62 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ലക്ഷ്യയെ പുറത്താക്കി നൂർ അയൂബിയാണ് കൂട്ടുകെട്ട് പൊളിച്ചത്.തുടർന്ന് ആര്യവീറിന് കൂട്ടായി വിനീത് എത്തിയതോടെ യു.എ.ഇ ബൗളർമാർ വെള്ളം കുടിച്ചു. ഇരുവരും രണ്ടാം വിക്കറ്റിൽ 183 പന്തിൽ 193 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 18ാം ഓവറിൽ തുടർച്ചയായി സിക്സും ഫോറും അടിച്ചാണ് ആര്യവീർ ടൂർണമെന്റിലെ രണ്ടാം ഫിഫ്റ്റി തികച്ചത്. 34ാം ഓവറിൽ താരം 131ാം പന്തിൽ സെഞ്ച്വറി തികച്ചു. തുടർന്ന് ഗിയർ മാറ്റിയ ആര്യവീർ അടിച്ചുതകർത്തു. ഉദ്ദിഷ് സൂരി എറിഞ്ഞ 37ാം ഓവറിൽ രണ്ട് വീതം സിക്സും ഫോറും ഉൾപ്പെടെ ആര്യവീർ നേടിയത് 21 റൺസാണ്.പിന്നീട് സിക്സടിച്ചാണ് ആര്യവീർ 150ൽ എത്തിയത്. 45ാം ഓവറിൽ ആര്യവീറിനെ പുറത്താക്കി നസീം ഖാനാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ അർജുൻ രാജ്പുത്തും (4), വിനീതും പുറത്തായി.യഷ്ബർദൻ (17), അൻവെയ് ദ്രാവിഡ് (12), മനൽ ചൗഹാൻ (1) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. നസീം ഖാൻ 4 വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ യു.എ.ഇപൊരുതി നോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യത്തിന് അടുത്തെത്താനായില്ല. അഹമ്മദ് ഖുദാദ (74) അർദ്ധ സെഞ്ച്വറി നേടി. നൂർ അയൂബി (39),യയിൻ റായ് (29), ക്യാപ്ടൻ അയാൻ മിസബ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഒരു ഘട്ടത്തിൽ 117/5 എന്ന നിലയിലായിരുന്നെങ്കിലും 239 വരെയെത്താൻ അവർക്കായി. ഇന്ത്യയ്ക്കായി ഇഷാൻ സൂദ് 4 വിക്കറ്റ് വീഴ്ത്തി.
സെമിയിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ഈ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഇന്ന് ആര്യവീർ നേടിയത്. യൂത്ത് ഏകദിനങ്ങളിൽ ഇന്ത്യൻ താരങ്ങളുടെ ഏറ്റവും ഉയർന്നവ്യക്തിഗത സ്കോറിന്റെ പട്ടികയിൽ ശുഭ്മാൻ ഗില്ലിനും മായങ്ക് അഗർവാളിനുമൊപ്പം അഞ്ചാം സ്ഥാനത്താണ് ആര്യവീർ. മത്സരത്തിന് മുമ്പ് വമ്പൻ സെഞ്ച്വറി നേടുമെന്ന് അച്ഛൻ വിരേന്ദർ സെവാഗിന് നൽകിയ വാക്ക് പാലിക്കാനും ആര്യവിറീനായി.